ഐസ് ഇറക്കാനായി തുറമുഖത്തെത്തിയ ലോറി കടലിലേക്ക് മറിഞ്ഞെങ്കിലും ബോട്ടിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. താനൂർ തുറമുഖത്ത് രാവിലെ 8ന് ആണ് സംഭവം. ഒസാൻ കടപ്പുറത്തെ ആലിക്കൽ മജീദിന്റെ അൽ മദീന ഇൻബോർഡ് ബോട്ടിലേക്കാണ് ലോറി പതിച്ചത്. ഐസ് ഇറക്കാൻ വാർഫിൽ വച്ച് പിന്നോട്ടെടുത്ത വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ഐസ് എടുക്കാൻ കാത്തിരുന്ന ബോട്ടിൽ തട്ടിയാണ് നിന്നത്.
തൊഴിലാളികൾ വടം കെട്ടി കരയിലേക്ക് വലിച്ച് കെട്ടിയതിനാൽ തീരത്തെ കാറ്റിലും ബോട്ടിന്റെ ഇളക്കത്തിലും ലോറി പൂർണമായി മറിയാതെ നിന്നു. ആഴക്കടലിൽ ഒരാഴ്ചത്തെ മീൻപിടിത്തത്തിന് ഐസുമായി പുറപ്പെടാൻ കാത്തിരുന്നതായിരുന്നു ബോട്ട്. ലോറി വീണ ആഘാതത്തിൽ അമരുകയും ചില ഭാഗങ്ങൾ വളയുകയും ചെയ്തു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
ക്രെയിൻ സഹായത്തോടെയാണ് ലോറിയുടെ കടലിൽ പതിച്ച ഭാഗം ഉയർത്തി കരയ്ക്ക് കയറ്റിയത്. ഒട്ടേറെ പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.
Lorry accident, Malappuram News