.നേപ്പാൾ സ്വദേശികളായ സാജനും സോമായയും കളിക്കൂട്ടുകാരായിരുന്നു, ഇരുവർക്കും സംസാരശേഷിയില്ല. സൗഹൃദം പ്രണയത്തിലെത്തിയതോടെ വിവാഹിതരാകാൻ തീരുമാിച്ചു. വിവാഹം ഉറപ്പിച്ച നാളിലായിരുന്നു സാജന് അപകടം സംഭവിച്ചത്. ഫുട്ബോൾ കളിക്കിടെ വീണു പരുക്കേറ്റ് അരയ്ക്കു താഴെ തളർന്നു. സോമായ പക്ഷേ സാജനെ കൈവിട്ടില്ല. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഇതോടെ വീട്ടുകാർ കയ്യൊഴിഞ്ഞു.
സോമായയുടെ ശുചീകരണത്തൊഴിലും സുഹൃത്തുക്കളുടെസഹായവുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടെയാണു കോവിഡ് തിരിച്ചടിയായത്. ഇതോടെ കേരളത്തിലേക്കു ജീവിതം പറിച്ചു നട്ടു. ഇവിടെയും സോമായ ശുചീകരണത്തൊഴിൽ ചെയ്തു കുടുംബം പുലർത്തി. ഇതിനിടെ സാജന് വൃക്കരോഗം സ്ഥിരീകരിച്ചു. ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യേണ്ടിവന്നതോടെ സോമായയ്ക്കു ജോലിക്ക് പോകാൻ കഴിയാതെയായി. . സങ്കടങ്ങളിൽ ഉറക്കെ കരയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സാജൻ. അല്ലപ്രയിലെ ലേബർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ ദുരിതാവസ്ഥ കണ്ടു കോതമംഗലം പീസ് വാലി ഏറ്റെടുക്കുകയായിരുന്നു. ഇരുവരും മാതാപിതാക്കളോടൊപ്പം ചെന്നൈയിലാണു ജീവിച്ചിരുന്നത്. കളിക്കൂട്ടുകാരാണ്. സൗഹൃദം പ്രണയമായതോടെ 4 വർഷം മുൻപു വിവാഹിതരാകാൻ തീരുമാനിച്ചു.
ദീർഘകാലത്തെ കിടപ്പിലൂടെ ഉണ്ടായ വ്രണങ്ങൾ സാജന്റെ ദുരിതം വർധിപ്പിക്കുന്നു. ആശുപത്രിയിലേക്കും മറ്റും സാജനെ ചുമന്നു കൊണ്ടുപോകുന്നതു സോമായയാണ്. സംസാര പരിമിതി ഉള്ളവരുടെ സംഘടനയിലെ സുഹൃത്തുക്കൾ നൽകുന്ന സഹായം കൊണ്ടാണ് ഇപ്പോൾ കഴിയുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണു കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ഭാരവാഹികൾ അല്ലപ്രയിൽ എത്തിയത്. 10 ദിവസമായി ഡയാലിസിസ് ചെയ്യാത്തതിനാൽ ജീവൻ അപകടത്തിലായ അവസ്ഥയിലായിരുന്നു ഇദ്ദേഹം. ഉടൻ പീസ് വാലിയിൽ പ്രവേശിപ്പിച്ച് ഡയാലിസിസ് ആരംഭിച്ച് അപകട നില തരണം ചെയ്തു.
നേപ്പാൾ സ്വദേശികളാണ് എന്ന് പറയുമ്പോഴും ആധാർ കാർഡ് അടക്കമുള്ള രേഖകൾ ഇവരുടെ കൈവശം ഉണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കാരുണ്യ അടക്കമുള്ള പദ്ധതികളിൽ സാജന് ചികിത്സാ സഹായം ലഭിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നേപ്പാൾ സർക്കാരിന്റെ ഭിന്നശേഷി സർട്ടിഫിക്കറ്റാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. വരുമാന സർട്ടിഫിക്കറ്റ് ഇല്ല. സാജന്റെ തുടർ ചികിത്സയ്ക്കും മറ്റും ഈ സാങ്കേതികത്വം മറികടക്കാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.