ഷോളയാര്‍ പവര്‍ഹൗസില്‍ ഒറ്റയാന്‍ കബാലിയുടെ പരാക്രമം. ജീവനക്കാര്‍ ബഹളംവച്ചതോടെ ആന മടങ്ങി. ചാലക്കുടി...മലക്കപ്പാറ റൂട്ടില്‍ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ ഷോളയാര്‍, ആനക്കയം ഭാഗത്ത് എത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 

അപകടകാരിയായ ഈ കൊമ്പന്റെ പേര് കബാലി. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രമായ കബാലിയോട് സാമ്യപ്പെടുത്തിയാണ് നാട്ടുകാര്‍ ഒറ്റയാന് ഈ പേരിട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെ ആന ഷോളയാര്‍ പവര്‍ഹൗസിനു സമീപത്ത് എത്തി. പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ സമീപത്ത് കൂടെയായിരുന്നു ആനയുടെ വരവ്. ജീവനക്കാര്‍ പേടിച്ച് വിറച്ചു. കാരണം, കബാലി അപടകരായാണെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം.

ഒറ്റയാന്‍ പിന്നീട് പവര്‍ഹൗസ് പരിസരത്തു നിന്ന് മടങ്ങി. കഴിഞ്ഞ ദിവസം ആനക്കയം റൂട്ടില്‍ ഇരുചക്ര വാഹനം മറിച്ചിട്ടിരുന്നു. ചാലക്കുടി..മലക്കപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍ക്കും കബാലിയെ ഭയമാണ്. ഷോളയാര്‍, ആനക്കയം ഭാഗത്ത് ഏതുസമയത്തും കബാലി പ്രത്യക്ഷപ്പെടാം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കബാലിയെ കാടുകയറ്റാന്‍ പലവഴികള്‍ പയറ്റി നോക്കിയെങ്കിലും ഇതുവരെ വിജയിച്ചില്ല. യാത്രക്കാര്‍ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി. ഒറ്റയാന്‍ റോഡിലിറങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ആന പോകാന്‍ കാത്തുനില്‍ക്കുക മാത്രമാണ് പോംവഴി. 

Malakkappara, Valparai, Sholayar, Wild elephant