മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നതിനെക്കുറിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വന്ന കോഴിക്കോട്ടുകാരായ അച്ഛനും മകളും മനുഷ്യാവകാശ കമ്മിഷനെയും വനിതാ കമ്മിഷനെയും സമീപിക്കും.
അടുത്തദിവസം തന്നെ ഇവര്‍ പരാതി നല്‍കും. പൊലിസില്‍നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ നേരിട്ട് സമീപിക്കാനും ആലോചനയുണ്ട്. ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് അജ്ഞാത നമ്പറില്‍ നിന്ന് മൊബൈലില്‍ അശ്ലീല വീഡിയോ സന്ദേശങ്ങള്‍ വന്നത്. ഉടന്‍ പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ പോക്സോ കേസ് ആയതിനാല്‍ ദേഹപരിശോധന നടത്തിയേ തീരൂ എന്ന് പൊലിസ് നിലപാടെടുത്തു. ഒടുവില്‍ ശരീരപരിശോധനയ്ക്ക് തയ്യാറല്ലെന്ന് എഴുതി നല്‍കി തിരികെ പോരുകയായിരുന്നു. പരാതി നല്‍കി പത്ത് മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനോ പരിശോധനക്കായി പിടിച്ചെടുത്ത മൊബൈല്‍ തിരികെ കൊടുക്കാനോ പൊലിസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അച്ഛനും മകളും മനുഷ്യാവകാശ കമ്മീഷനെയും വനിതാകമ്മീഷനെയും സമീപിക്കാനൊരുങ്ങുന്നത്.