coibatore-blast

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ സന്ദര്‍ശകരായി എത്തിയ തമിഴ്നാട്ടുകാരെ കുറിച്ച് അന്വേഷണം. ഐ.എസ്. കേസുകളിലെ പ്രതികളായ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുള്ളവരെ കാണാന്‍ കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസിലെ പ്രതികളടക്കം നിരവധിപേര്‍ തൃശ്ശൂരിലെത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസിന്റെയും എന്‍.ഐ.എയും നീക്കം.  അതേസമയം തീവ്രവാദബന്ധമാരോപിച്ചു യു.എ.ഇയില്‍ നിന്നു നാടുകടത്തപ്പെട്ടയാളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ടെന്നു സ്ഥിരീകരിച്ചതോടെ പ്രതികളുടെ ഐ.എസ് ബന്ധവും വ്യക്തമായി.

തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ആളുകളെ സംഘടിപ്പിക്കാനായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ കേസില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നയാളെ 2019 മേയ് 30നാണു എന്‍.ഐ.എ. അറസ്റ്റ് ചെയ്തതിരുന്നു. ഇയാളെ കാണാനായി നിരവധി യുവാക്കള്‍ കോയമ്പത്തൂരില്‍ നിന്നു വിയ്യൂരിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ നിന്നു വിയ്യൂരിെല അതീവ സുരക്ഷാ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം ജയില്‍ അധികാരികളോട് ആവശ്യപ്പെട്ടത്. അറസ്റ്റിലായവരില്‍ ചിലരും വിയ്യൂരിലെത്തിയിരുന്നുവെന്നു കോയമ്പത്തൂര്‍ കമ്മിഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം അറസ്റ്റിലായ ഫിറോസ് ഇസ്മായിലിനെ ഐ.എസ്. ബന്ധമുണ്ടായതിനെ തുടര്‍ന്ന് 2020 ല്‍ യു.എ.ഇ നാടുകടത്തിയ ആളാണ്. കൂടാതെ മുഹമ്മദ് തല്‍ഹയുടെ പിതാവ്  നവാബ് ഖാന്‍ 1998 ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. ഇയാള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പരോളില്‍ ഇറങ്ങിയിരുന്നു. പരോള്‍ കാലത്ത് ഇയാള്‍ സന്ദര്‍ശിച്ചവര്‍ ആരൊക്കെയന്നത് കണ്ടെത്താനും ശ്രമം തുടങ്ങി. കൊല്ലപ്പെട്ട ജമേഷ മുബീന്റെ മൃതദേഹം സംസ്കരിക്കാന്‍ കോയമ്പത്തൂരിലെ മുസ്്്ലിം പള്ളി അധികൃതരാരും തയാറായില്ല. പൊലിസിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒടുവില്‍ സംസ്കാരത്തിന് കബറിസ്ഥാനിയില്‍ ഇടം നല്‍കിയത്.