കൊച്ചി എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാളി യുവതിയെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പങ്കാളിക്കായി അന്വേഷണം ഊർജിതമാക്കി. രണ്ട് വർഷമായി നഗരത്തിൽ താമസിക്കുന്ന ഇരുവരും നൽകിയിരുന്നത് താത്കാലിക മേൽവിലാസം. ഇന്നലെയാണ് എളംകുളം ടാഗോർ നഗറിലെ വീട്ടിൽ സ്ത്രീയെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ലക്ഷിയെന്ന പേരിലാണ് ഇവർ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ താമസിച്ചിരുന്നത്. ഭർത്താവെന്ന് പരിചയപ്പെടുത്തിയ രാജ്‌കുമാർ ബഹദൂർ മഹാരാഷ്ട്ര സ്വദേശികൾ എന്നാണ് വീട്ടുടമയെ അറിയിച്ചത്. നൽകിയത് കൊച്ചിയിലെ താത്കാലിക മേൽവിലാസവും. പ്രാഥമിക അന്വേഷണത്തിൽ വ്യാജ മേൽവിലാസമാണെന്നു കണ്ടെത്തി. ഇരുവരും നേപ്പാൾ സ്വദേശികളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്ന നിഗമനത്തിലാണ് അന്വേഷണം.
ഫൊറൻസിക് വിദഗ്ധർക്ക് പുറമെ കടാവർ നായ്കളെയു വീട്ടിൽ എത്തിച്ചു പരിശോധന നടത്തി.ശരീരത്തിൽ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് നിഗമനം. മൃതദേഹം പ്ലാസ്റ്റിക് കവറിലും പുതപ്പിലും മറ്റുമായാണ് പൊതിഞ്ഞിരുന്നത്. ഈ മാസം ഇരുപതിന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചനകൾ. വിഗ് നിർമിച്ച നൽകുന്യുവതിയുടെ ഭർത്താവ് അന്ന് രാത്രി തന്നെ രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.