bridge

വിവാദങ്ങള്‍ക്ക് വിരാമമിട്ട് കോഴിക്കോട് കൂളിമാട് കടവ് പാലം മറുകരതൊട്ടു. നിര്‍മാണത്തിനിടെ തകര്‍ന്നുവീണ മൂന്ന് ബീമുകള്‍ മുറിച്ചുമാറ്റിയാണ് പുതിയത് സ്ഥാപിക്കുന്നത്. അപാകതകള്‍ ആവര്‍ത്തിക്കാതെ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കരാറുകാരായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റി അറിയിച്ചു. 

 

പുതിയ ബീമുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് ദിവസത്തിനകം കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കും. 307 മീറ്റര്‍ നീളവും 13 തൂണുകളുമുള്ള പാലത്തിന് ഇരുഭാഗത്തും ഒന്നര മീറ്റര്‍ നടപ്പാതയും ഉണ്ടാകും. മേയ് 16നാണ് നിര്‍മാണത്തിനിടെ കൂളിമാട് പാലം തകര്‍ന്നുവീണത്. ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയില്‍ ഉണ്ടായ സാങ്കേതികതകരാറാണ് പ്രശ്നമായത്. പൊതുമരാമത്ത് വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍്ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തില്‍ വീഴ്ച്ച കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതിന് ശേഷം പുനരാരംഭിച്ച പാലം നിര്‍മാണമാണ് അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നത്.  കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നത് ആയിരങ്ങള്‍ക്ക് പ്രയോജനകരമാകും. 

 

പാലം നിര്‍മാണത്തിനൊപ്പം മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് അപ്രോച്ച് റോഡിന്‍റെ നിര്‍മാണ പ്രവൃത്തിയും തുടങ്ങിയിട്ടുട്ണ്ട്.