കണ്ണൂര്‍ മാടായില്‍ നാലു കോടി രൂപ ചെലവിൽ നിർമിച്ച ബോയ്സ് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് നാലു വർഷം കഴിഞ്ഞിട്ടും ഇന്നും അടച്ചിട്ടിരിക്കുകയാണ്. 2018 ജൂൺ 9ന് അന്നത്തെ പട്ടികവിഭാഗ മന്ത്രി എ.കെ.ബാലനായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്. 44 വിദ്യാർഥികൾക്ക് താമസിക്കാനുള്ള മുറികളടങ്ങിയ കെട്ടിടമാണ് അടഞ്ഞു കിടക്കുന്നത്.
പട്ടിക വര്‍ഗ വകുപ്പ് കോടികൾ മുടക്കി നിർമിച്ച ഈ ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ വരാന്ത ഇപ്പോള്‍ ഐടിഐ വിദ്യാർഥികളുടെ വർക്ക്ഷോപ്പാണ്. ഹോസ്റ്റല്‍ കൊണ്ടുളള ആകെ പ്രയോജനവും ഇതു മാത്രം. ഐടിഐക്ക് വേണ്ടി 3.1 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമിക്കുന്ന പ്രവർത്തനങ്ങൾ തൊട്ടപ്പുറത്ത് നടക്കുന്നു. പഴയ വർക് ഷോപ് പൊളിച്ചുമാറ്റിയാണ് രണ്ടു നിലകളിലായി പുതിയ കെട്ടിടം നിർമിക്കുന്നത്. ഹോസ്റ്റലിനും പുതിയ കെട്ടിടത്തിനുമായി അഞ്ചു വർഷത്തിനിടെ 7.1 കോടി രൂപയാണ് സംസ്ഥാന സർക്കാർ മാടായി ഐടിഐക്കുവേണ്ടി അനുവദിച്ചത്.
പട്ടികവർഗ വകുപ്പിനു കീഴിൽ ആറളം ഫാമിലെ ഏഴാം ബ്ലോക്കിൽ 17.39 കോടി രൂപ ചെലവഴിച്ച് ഒരു വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടവും പട്ടികജാതി വകുപ്പിനു കീഴിൽ പെരിങ്ങോത്ത് 14.7 കോടി രൂപ മുടക്കി രണ്ടു വർഷം മുൻപ് നിർമിച്ച കെട്ടിടവും പൂട്ടിയിട്ടിരിക്കുന്നതിന്‍റെ കാരണം പരിശാധിക്കുമന്ന് പറഞ്ഞ സര്‍ക്കാരിന്‍റെ മുന്നില്‍ ഈ കെട്ടിടം കൂടി സമർപ്പിക്കുന്നു.