കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 130 ലേറെ വോട്ട് കിട്ടിയെന്ന് തരൂർപക്ഷം. തരൂരിന്റെ അവകാശ വാദം തള്ളാനാകാതെ സംസ്ഥാന നേതൃത്വം കുഴങ്ങുമ്പോൾ തരൂരിന്റെ വോട്ടിൽ കാര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തെലങ്കാനയുടെ വോട്ടിൽ ക്രമകേട് ആരോപിച്ച ശശി തരൂരിനെതിരെ രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി.
പെട്ടിയിലായ 1072 വോട്ടുകളും മാന്യമായ സംഖ്യ കേരളം സംഭാവന ചെയ്താണെന്നാണ് തരൂർപക്ഷം കരുതുന്നത്. കേരളത്തിൽ പോൾ 287 ൽ 130 ലധികം വോട്ട് തരൂരിന് ലഭിച്ചെന്ന് അദ്ദേഹത്തിന്റെ ടീം അവകാശപ്പെടുന്നു. തരൂരിന്റെ പ്രചാരണത്തിന് കേരളത്തിൽ ചുക്കാൻ പിടിച്ച എം.കെ.രാഘവൻ എം.പി വോട്ടെടുപ്പ് ദിവസം തന്നെ വ്യക്തമാക്കിയ കണക്കാണിത് എന്നതും ശ്രദ്ധേയം. തരൂരിന്റെ വ്യക്തിപ്രഭാവത്തിന് അപ്പുറം സംസ്ഥാന നേതൃത്വത്തോടും ഹൈക്കമാൻഡിൽ സ്വാധീനമുള്ള ചില നേതാക്കളോടുമുള്ള ഭിന്നതയും കേരളത്തിലെ വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ വോട്ടർമാരിൽ പകുതിയും ഒപ്പം നിന്നെന തരൂർ പക്ഷത്തിന്റെ അവകാശവാദം തള്ളിയാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്വീകാര്യത കൂടുതലാണ് എന്ന് സമ്മതിക്കുന്നതിന് തുല്യമാകും. അതുകൊണ്ടു തുടക്കത്തിൽ വിമർശിച്ചവരും പുച്ഛിച്ചവരും പക്ഷംപിടിച്ചവരും ജനാധിപത്യ മൽസരം കാഴ്ചവച്ച തരൂരിനെ അഭിനന്ദിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. അതേസമയം, മൽസരം കഴിഞ്ഞിട്ടും വിമർശനം കുറയ്ക്കാൻ കൊടിക്കുന്നിൽ സുരേഷ് തയാറായില്ല. ആയിരം വോട്ട് വലിയ കാര്യമല്ലെന്ന് കൊടിക്കുന്നിൽ. തെലങ്കാനയിലെ വോട്ടിൽ തരൂർ ടീം ക്രമക്കേട് ആരോപിച്ചത് അവിടുത്തെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച രാജ്മോഹൻ ഉണ്ണിത്താനെയും ചൊടിപ്പിച്ചു.