വായനയെന്ന സംസ്ക്കാരത്തെ കോഴിക്കോട് പടുത്തുയര്‍ത്തിയ കാരണവരാണ് ഇന്നലെ അന്തരിച്ച എന്‍. ഇ. ബാലകൃഷ്ണമാരാര്‍. പുസ്തക പ്രസാധക ജീവിതത്തിനിടെ ഉണ്ടായ സൗഹൃദങ്ങളെ അദ്ദേഹം ജീവിത്തില്‍ എന്നും മുറുകെ പിടിച്ചു. മലയാളികളുെട മനസില്‍ കുടിയേറിയ അനേകായിരം സാഹിത്യകൃതികള്‍ക്ക് പുസ്തകരൂപം നല്‍കിയ ഒരാളുകൂടിയാണ് ബാലകൃഷ്ണമാരാര്‍. 

 

പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ജീവിതം. അതായിരുന്നു എന്‍. ഇ. ബാലകൃഷ്ണമാരാര്‍. സൈക്കിള്‍ ‍ചവിട്ടി പുസ്തകപ്രേമികളെ തേടിപ്പോയി അദ്ദേഹം. കേരളം മുഴുവന്‍. അങ്ങനെയാണ് 1957ല്‍ ടൂറിങ് ബുക്സ്റ്റാള്‍ അഥവാ ടിബിഎസ് തുടങ്ങുന്നത്. കണ്ണൂരില്‍ ജനിച്ച് ജീവിതത്തിന്‍റെ കഠിനപാതകള്‍ താണ്ടുന്നതിനിടെ പഠിക്കാന്‍ പോലുമായില്ലെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. 

 

ആദ്യകാലഘട്ടങ്ങളില്‍ പത്രവും പുസ്തകവും രാവിലെയും ഉച്ചയ്ക്കുമായി കൊണ്ടുനടന്നുവിറ്റു. പിന്നീട് യാത്ര സൈക്കിളിലേയ്ക്ക് മാറ്റി. സൈക്കിളില്‍ നിന്ന് പതിയെ വാനിലേയ്ക്ക് സഞ്ചരിക്കുന്ന പുസ്തകശാലയായി വളരാന്‍ അധികസമയമെടുത്തില്ല.  1966ലാണ് പൂര്‍ണ പബ്ലിക്കേഷന്‍സിന്‍റെ തുടക്കം. എട്ടുപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1988ല്‍ മുതലക്കുളത്ത് അഞ്ചുനിലകെട്ടിടത്തിലേയ്ക്ക് ടിബിഎസ് മാറി. എം.ടി. വാസുദേവന്‍  നായര്‍, സുകുമാര്‍ അഴീക്കോട്, ഉറൂബ് തുടങ്ങിയ പല പ്രമുഖരും ഉറ്റസുഹൃത്തുക്കളായത് പ്രസാദക ജീവിതത്തിടിയിലാണ്. സക്കറിയ, പി. വല്‍സല എന്നിവരടക്കമുള്ള എഴുത്തുകാരുടെ ആദ്യപുസ്തകങ്ങള്‍ വെളിച്ചം കണ്ടത് ബാലകൃഷ്ണമാരാരുടെ കൈകളിലൂടെയാണ്.