ഇലന്തൂർ നരബലിക്കേസിൽ പണം നൽകുന്നതിനിടെയുണ്ടായ തർക്കത്തിനിടെയാണ് പത്മത്തെ കൊന്നതെന്ന് റിമാൻഡ് റിപ്പോർട്ട്. 15000 രൂപയാണ് പത്മത്തിന് വാഗ്ദാനം ചെയ്തത്. പണത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് ഇവരെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കയര്‍ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. ശേഷം കട്ടിലിൽ കിടത്തി രഹസ്യഭാഗത്ത് കത്തികുത്തിയിറക്കി. കത്തി വലിച്ചൂരി കഴുത്തറുത്താണ് പത്മത്തെ കൊന്നത്. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ബക്കറ്റിലാക്കി മുന്‍കൂട്ടി തയ്യാറാക്കിയ കുഴിയിലിട്ട് മൂടി.

റോസ്ലിനെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊന്നുവന്നത്. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനാണ് ഈ തുക വാഗ്ദാനം ചെയ്തത്. വീട്ടിലെത്തിച്ച റോസ്ലിന്റെ കൈകാലുകൾ ബന്ധിച്ച് വായിൽ പ്ലാസ്റ്റിക് കുത്തിത്തിരുകി. പത്മത്തെ കൊന്ന അതേ രീതിയിൽ തന്നെയാണ് പ്രതികൾ റോസ്ലിനെയും കൊന്നതെന്നാണ് റിമാന്‍ഡ് റിപ്പോർട്ടുലുള്ളത്.

മൂന്നുപ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. വിഷാദരോഗിയെന്നും ഉയർന്ന രക്തസമ്മർദമുണ്ടെന്നും ലൈല കോടതിയിൽ പറഞ്ഞു. ഷാഫിയെയും ഭഗവൽസിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. ഇവരുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് നൽകും.

തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളിൽ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. ഇന്നു പുലർച്ചയോടെ കൊച്ചിയിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനിൽ എത്തിച്ചത്. ഉടൻ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.