ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്‍കിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളെന്ന് എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു. ഇതിനു വേണ്ടി എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലേക്ക് എത്തുന്ന ആളായിരുന്നു ഇയാള്‍. ഷാഫിയാണ് മുഖ്യസൂത്രധാരൻ. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിര്‍ത്തുന്നതായിരുന്നു ഇയാളുടെ പതിവ്.

 

ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുഹമ്മദ് ഷാഫി ഫെയ്സ്ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പൂക്കള്‍ മാത്രം പോസ്റ്റ് ചെയ്ത് ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിങ്ങിനെ വലയിലാക്കുകയായിരുന്നു. 2018 മുതല്‍ ഇരുവരും തമ്മില്‍ ഫെയ്സ്ബുക്കിലൂടെ ബന്ധമുണ്ടായിരുന്നു. ഫെയ്സ്ബുക്കിലൂടെയുള്ള ഇയാളുടെ ബന്ധങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കമ്മിഷണര്‍ പറഞ്ഞു.

 

കടവന്ത്രയില്‍നിന്നു പത്മം എന്ന സ്ത്രീയെ കാണാതായ കേസ് റജിസ്റ്റര്‍ ചെയ്തതു ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതു കൊലപാതകമാണ്, അവര്‍ എവിടെയും പോയതല്ല എന്നു മനസിലുണ്ടായ തോന്നലാണ് കേസിന്റെ അന്വേഷണത്തിനു നിര്‍ദേശം നല്‍കാന്‍ കാരണമായത് ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള തന്റെ തോന്നലുകള്‍ പലപ്പോഴും ശരിയാകുന്നതാണു പതിവ്. അന്വേഷണത്തിനു തീരുമാനിച്ചതോടെ അരിച്ചുപെറുക്കിയായിരുന്നു അന്വേഷണം. കൊച്ചിയില്‍നിന്ന് ഇവര്‍ ഒരു വാഹനത്തില്‍ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു.

 

ഭഗവല്‍ സിങ്ങിനെ വലയിലാക്കിയ മുഹമ്മദ് ഷാഫി ആ കുടുംബത്തെ മൊത്തം പെടുത്തുകയായിരുന്നു എന്നാണു വ്യക്തമായത്. പൂജയുടെ പേരില്‍ മുതലെടുപ്പു നടത്തി ഒരു വര്‍ഷം കൊണ്ടാണു നരബലി വേണമെന്ന കാര്യം കുടുംബത്തെ ബോധ്യപ്പെടുത്തിയത്. മനുഷ്യ മാംസം ഇവര്‍ കഴിച്ചു എന്നു വിവരം ഉണ്ടെങ്കിലും അതിനു തെളിവു ലഭിച്ചിട്ടില്ല. കാലടി സംഭവത്തിലാണ് ഇവര്‍ മനുഷ്യ മാംസം കഴിച്ചതായി വിവരം ഉള്ളത്. ഇക്കാര്യത്തിലും വ്യക്തമായ അന്വേഷണം വേണം.

 

മുഹമ്മദ് ഷാഫിക്കെതിരെ ചെറുതും വലിയതുമായ പത്തു കേസുകളുണ്ട്. 16ാം വയസില്‍ വീടു വിട്ടിറങ്ങിയ ഇയാള്‍ ചെയ്യാത്ത ജോലിയും ജീവിക്കാത്ത ജില്ലയുമില്ലെന്നു കമ്മിഷണര്‍ പറഞ്ഞു. പ്രതികള്‍ക്കു യാതൊരു കുറ്റബോധവും ഇല്ല എന്നതിന് ഉദാഹരണമാണ് വീണ്ടും നടത്തിയ കൊലപാതകം. ഇവര്‍ കുറ്റം ഏറ്റുപറഞ്ഞെങ്കിലും കുറ്റബോധം ഉണ്ടെന്നു തോന്നുന്നില്ല. കോടതിയാണ് അതു കണ്ടെത്തേണ്ടത്.

 

ഹോട്ടല്‍ നടത്തിപ്പ്, ലോറി ഓട്ടം, വണ്ടി നന്നാക്കൽ, ഡ്രൈവ് ചെയ്യൽ ഇങ്ങനെ പല പരിപാടികള്‍ പല സ്ഥലങ്ങളി‍ല്‍ താമസിച്ചു ചെയ്യുന്നുണ്ട്. ഇപ്പോള്‍ എറണാകുളം ഗാന്ധിനഗറില്‍ താമസിക്കുമ്പോഴാണ് കടവന്ത്രയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഉണ്ടായിരിക്കുന്നത്. മൂന്നാം പ്രതി ലൈലയ്ക്ക് വിഷാദ രോഗം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പരിശോധനാ രേഖകള്‍ എടുക്കുകയും പരിശോധന നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.