അടുക്കളയില്‍ നിന്നുണ്ടാകുന്ന മലിനജലത്തെ ഫലപ്രദമായി സംസ്ക്കരിക്കാന്‍ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സോക്–പിറ്റ് എന്ന ആശയം മുന്നോട്ട് വെയ്ക്കുകയാണ് കാസര്‍കോട് വലിയപറമ്പ പ‍ഞ്ചായത്ത്. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ആശയം നടപ്പിലാക്കിയതോടെ പഞ്ചായത്തിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തി അറുന്നൂറിലധികം വീടുകളിലാണ്  സോക് പിറ്റുകള്‍ നിര്‍മിച്ചത്. 

 

ദ്വീപുകള്‍ക്ക് സമാനമായി വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്താണ് വലിയപറമ്പ. അതിനാല്‍ ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളത്.  അതുകൊണ്ടു തന്നെ പഞ്ചായത്തിനെ വൃത്തിയായി സംരക്ഷിക്കുക  ഭരണസമിതിയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായി. ഇതോടെയാണ് ഗ്രീന്‍ ക്ലീന്‍ വലിയപറമ്പ എന്ന ക്യാംപെയിന് തുടക്കം കുറിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സോക് – പിറ്റുകള്‍ പണിതു നല്‍കാന്‍‌ പഞ്ചായത്ത് തീരുമാനിച്ചു.  അടുക്കളയില്‍  നിന്നും കുളിമുറിയില്‍ നിന്നും അലക്ഷ്യമായി ഒഴുക്കിയിരുന്ന മലിനജലത്തെ ഫലപ്രദമായി സംസ്ക്കരിക്കാന്‍ സാധിച്ചു. ഇതോടെ പ‍ഞ്ചായത്തിലെ കൊതുക് ശല്യത്തിനും പകര്‍ച്ച വ്യാധികള്‍ക്കും ഏറെകുറെ പരിഹാരവുമായി. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് നിര്‍മാണ ജോലികള്‍ വിട്ടുകൊടുത്തതിനാല്‍ കഴിഞ്ഞ വര്‍ഷം 53162 തൊഴില്‍ ദിനങ്ങള്‍  അധികമായി ലഭിച്ചു

 

15937 രൂപയാണ് സോക്– പിറ്റ് നിര്‍മിക്കാനായി ഓരോ കുടുംബത്തിനും പഞ്ചായത്ത് വകമാറ്റിയിരിക്കുന്നത്. നിലവില്‍ ആയിരത്തി അറുന്നൂറോളം വീടുകളില്‍ സോക് പിറ്റുകള്‍ തയ്യാറായി കഴിഞ്ഞു. സോക്–പിറ്റിനായി കൂടുതല്‍ അപേക്ഷകള്‍ പഞ്ചായത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.