മാലിന്യ നിര്‍മാര്‍ജനം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മികച്ച മാതൃക തീര്‍ത്ത് കൈയ്യടി നേടുകയാണ് പാലക്കാട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം കുറ്റമറ്റ രീതിയിലാണ് നടപ്പാക്കുന്നത്. മാലിന്യ സംസ്ക്കരണവും പുരോഗതിയും പ്രത്യേക ആപ്പിലൂടെ ആര്‍ക്കും എവിടെ നിന്നും പരിശോധിക്കാം എന്നതാണ് പ്രത്യേകത. 

 

വഴിയരികില്‍ മാലിന്യക്കൂന. യാത്രയ്ക്കിടെ വാഹനത്തിന്റെ ചില്ല് താഴ്ത്തി മാലിന്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടുന്നവരുമേറെ. എത്ര മുന്നറിയിപ്പും ബോധവല്‍ക്കരണവും വന്നാലും മാലിന്യ സംസ്ക്കരണമാണ് പലപ്പോഴും നാട് നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതെല്ലാം പഴങ്കഥയായ ഇടമെന്ന് ഓര്‍മിപ്പിക്കുകയാണ് അമ്പലപ്പാറ. മാലിന്യ നിര്‍മാര്‍ജനത്തിലെ അമ്പലപ്പാറ മോഡല്‍ ഇതിനകം അതിരുകള്‍ കടന്ന് പലരും പിന്തുടരുന്നുണ്ട്. 

സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. എല്ലാ വാര്‍ഡിലും രണ്ട് വീതം എംസിഎഫുകള്‍ സ്ഥാപിച്ചു. ഓരോ വീട്ടിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും മനസ്സിലാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴി ഓരോ വീടുകളിലും നൽകിയിട്ടുള്ള ക്യുആർ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയാനാകും. 

 

മുന്നറിയിപ്പ് നല്‍കിയിട്ടും ഫലപ്രദമായ രീതിയില്‍ പല തദ്ദേശസ്ഥാപനങ്ങളും മാലിന്യ സംസ്ക്കരണം നടപ്പാക്കാത്തതിനാല്‍ വലിയ പിഴയൊടുക്കുന്ന കാലഘട്ടത്തിലാണ് ഈ മാതൃക. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി എന്നനിലയില്‍ അമ്പലപ്പാറയെ തേടിയെത്തിയ അംഗീകാരങ്ങളും നിരവധിയാണ്