azhak

അജൈവ മാലിന്യ ശേഖരണത്തിന് പുത്തന്‍ പദ്ധതിയുമായി കോഴിക്കോട് കോര്‍പറേഷന്‍. നഗര സൗന്ദര്യവല്‍ക്കരണത്തിനുള്ള ‘അഴക്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. നാളെ, നടുവട്ടം വാര്‍ഡില്‍ തുടങ്ങുന്ന പദ്ധതി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. 

 

പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കൂടുതല്‍ എളുപ്പമാക്കുന്നതാണ് കോര്‍പറേഷന്‍ അവലംബിക്കുന്ന പുതിയ രീതി. വാര്‍ഡ് തലങ്ങളില്‍ മുഴുവന്‍ വീടുകളും ക്ലസ്റ്ററുകളായി തിരിച്ച് ഹരിത കര്‍മ സേനാംങ്ങള്‍ വഴി ഓരോ ദിവസവും  മാലിന്യം ശേഖരിക്കും. കോര്‍പറേഷനിലെ 75 വാര്‍ഡുകളെ മൂന്ന് കണ്‍സോഷ്യങ്ങളാക്കി തിരിച്ചാണ് പ്രവര്‍ത്തനം.

 

നടുവട്ടം വാര്‍ഡില്‍ മാത്രം 47 ക്ലസ്റ്ററുകളാണ് ഉള്ളത്. ഇവിടെ 94 ഹരിത കര്‍മസേനാംഗങ്ങളെയാണ് മാലിന്യ ശേഖരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് മാലിന്യ ശേഖരണം സാധ്യമാകുമെന്നതാണ് പദ്ധതിയുടെ ഗുണം. അന്നേദിവസം ശേഖരിക്കുന്ന മാലിന്യങ്ങള്‍ അപ്പോള്‍ തന്നെ അതതു സംസ്കരണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. മൂന്നു കണ്‍സോഷ്യങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളിലാണ് സംസ്കരണം നടത്തുക.