രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളത്ത് എത്തിയപ്പോൾ പ്രചാരണ പോസ്റ്ററിൽ വി.ഡി സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം കണ്ടത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടു. സംഭവം വിവാദമായി. അൻവർ സാദത്ത് എം എൽ എ യുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് ഇത്തരത്തിൽ പ്രചാരണ ബാനർ സ്ഥാപിച്ചത്. പിന്നാലെ സവര്‍ക്കര്‍ക്ക് പകരം മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചു. സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കൊച്ചിയിൽ വൻ പ്രവർത്തക പങ്കാളിത്തമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ അരമണിക്കൂർ മുൻപു രാവിലത്തെ പദയാത്ര ഇടപ്പള്ളിയിലെ സെന്റ് ജോർജ് പാരിഷ് ഹാളിൽ അവസാനിച്ചു. ശ്രീനാരായണ ഗുരു മഹാസമാധി ദിനമായതിനാൽ രാവിലെ 6.15ന് കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം ശ്രീനാരായണ ഗുരുവിന്റെ ഛായാ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പദയാത്രയ്ക്കു തുടക്കം.
ആറരയോടെ മാടവന ജംക്‌ഷനിൽനിന്ന് ആരംഭിച്ച യാത്ര, എട്ടരയോടെ വൈറ്റില ജംക്‌ഷനിലെത്തി. ഇവിടെ വഴിയോരത്തെ ചെറിയ ഹോട്ടലിൽ കയറി അരമണിക്കൂർ ചെലവഴിച്ചു ലഘുഭക്ഷണം കഴിച്ച ശേഷമായിരുന്നു തുടർയാത്ര. പത്തുമണിയോടെ ഇടപ്പള്ളിയിൽ എത്തിച്ചേർന്നു. പത്തരയോടെ ഇവിടെ എത്തിച്ചേരുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.
വൈറ്റില ജംക്‌ഷനിൽ വഴിയരികിൽ നിന്നവർ രാഹുൽ ഗാന്ധിക്കു ചുറ്റും പ്രവർത്തകർ പിടിച്ചിട്ടുള്ള വടത്തിന് അടിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചെങ്കിലും തടഞ്ഞു. ഇതിനിടെ ആരാധകർ കൈമാറിയ റോസപ്പൂവും മറ്റും രാഹുൽ ഗാന്ധി സ്വീകരിച്ച് ഒപ്പമുണ്ടായിരുന്നവർക്കു കൈമാറി. മുൻ തീരുമാനിച്ചപ്രകാരം ഒപ്പം നടക്കാനെത്തിയവരോടു സംവദിച്ചും പ്രവർത്തകരെ കൈവീശിക്കാണിച്ചുമാണ് പദയാത്ര.
ആയിരക്കണക്കിന് അണികളും പ്രവർത്തകരും നാട്ടുകാരുമാണ് മാടവന – ഇടപ്പള്ളി യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. നിരവധിപ്പേർ രാഹുൽ ഗാന്ധിയെ കാണുന്നതിനു വഴിയോരങ്ങളിലും തമ്പടിച്ചിരുന്നു. ജില്ലയിലെ വിവിധ ക്യാംപസുകളിൽ നിന്നുള്ള നിരവധി കെഎസ്‍യു നേതാക്കളും വിദ്യാർഥി പ്രവർത്തകരും രാഹുലിനൊപ്പം നടക്കുന്നുണ്ട്.