ഒരുമയുടെ സന്ദേശം ഓർമ്മിപ്പിച്ച് വീണ്ടുമൊരു ഓണക്കാലമെത്തുമ്പോൾ തിരുവോണപൂക്കളങ്ങളിൽ സാന്നിദ്ധ്യമാവാൻ കളിമണ്ണിലെ ഓണത്തപ്പൻമാർ ഒരുങ്ങുന്നു. സ്ക്കൂൾകാലത്ത് മൺപാത്രനിർമ്മാണം തുടങ്ങിയ വൈക്കം സ്വദേശിയായ അരവിന്ദാക്ഷന് ഓണ നാളുകൾ പ്രതീക്ഷയുടേതുകൂടിയാണ്. 100 ഓളം ഓണത്തപ്പൻമാരെയാണ് അരവിന്ദാക്ഷൻ ഒരു ദിവസം ഉണ്ടാക്കുന്നത്.
തിരുവോണപൂക്കളത്തിൽ മലയാളികൾക്ക് ഒഴിവാക്കാനാവാത്തതാണ് കളിമണ്ണിൽ തീർത്ത ഓണത്തപ്പനെ. മൺപാത്ര വ്യവസായത്തെ തകർത്ത് കടന്നുപോയ മഴയിലും വെള്ളപ്പൊക്കത്തിലും നിന്ന് , കളിമണ്ണിലെ ഓണത്തപ്പനെ വാർത്തെടുക്കുമ്പോൾ പ്രയാർ സ്വദേശിയായ അരവിന്ദക്ഷന്റെ മനസ്സിൽ പ്രതീക്ഷയുടെ ദിനങ്ങളാണ്.രണ്ടാഴ്ച മുൻപ് തന്നെ നിർമാണം തുടങ്ങി.കൃഷിയിറക്കുന്ന നെൽപാടത്ത് നിന്ന് കുഴിച്ചെടുക്കുന്ന മണ്ണ് വാങ്ങി പൊടിമണ്ണ് ചേർത്ത് മൂന്ന് മണികൂറോളം ചവിട്ടിക്കുഴക്കും. തിരികയിൽ വച്ച് രൂപം കൊടുത്ത് വെയിലിൽ ഉണക്കി പലകയിൽ അടിച്ച് പ്രതലം മിനുസപ്പെടുത്തിയാണ് നിർമ്മാണം . ഇഷ്ടികപൊടിയും റെഡ് ഓക്സൈഡും ചേർത്താണ് വർണ്ണം ചാർത്തൽ. മനുഷ്യ സങ്കൽപ്പ രൂപമായതിനാൽ ചൂളയിൽ ചുടാതെ വെയിലത്ത് വച്ചാണ് ഉണക്കുന്നത്. മഴ വലക്കുന്നുണ്ടെങ്കിലും ചിട്ട തെറ്റിക്കാതെയാണ് അരവിന്ദാക്ഷൻ ഓണത്തപ്പനെ ഒരുക്കുന്നത് .
ഒരു ഓണത്തപ്പനെ ഉണ്ടാക്കി നൽകുമ്പോൾ കിട്ടുന്നത് 40 രൂപയാണ്.അരവിന്ദാക്ഷനെ കൂടാതെ മൂന്ന് സഹോദര കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഓണത്തപ്പനെ നിർമ്മിക്കുന്നത്.മഴ തകർത്ത വൈക്കത്തെ കളിമൺ വ്യവസായ തൊഴിലാളികളുടെ മനസിൽ പ്രതീക്ഷകളുടെ ഓണത്തുമ്പികൾ കൂടിയാവുകയാണ് ഈ നിർമ്മാണം.