കോഴിക്കോട് ചാത്തമംഗലത്ത് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം. മന്ത്രി ആന്റണി രാജു ഗ്രാമ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ദിവസം ഗ്രാമ വണ്ടി യാത്ര എല്ലാവർക്കും സൗജന്യമാണെന്ന് മന്ത്രി പറഞ്ഞു.ചാത്തമംഗലം പഞ്ചായത്തിലൂടെയാണ് ജില്ലയിലെ ആദ്യ കെ.എസ്.ആർ.ടി.സി ഗ്രാമ വണ്ടി ഓടിയത്. കട്ടാങ്ങലിൽ നിന്നും ഓമശേരിയിലേക്കായിരുന്നു സർവീസ്. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമ വണ്ടിയുടെ പൂർണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും.ബസിന് ഇന്ധനം നിറക്കുന്നതുൾപ്പടെയുള്ളവക്ക് പണം ഇവർ നൽകണം. പ്രതിദിനം 200 കിലോമീറ്റർ ഗ്രാമ വണ്ടി സർവീസ് നടത്തും.ഗ്രാമ വണ്ടി യാത്ര തുടങ്ങുന്നതോടെ ഗ്രാമങ്ങളിലെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര ദുരിതത്തിന് പരിഹാരമാകും. നിലമ്പൂരിലും കായംകുളത്തുമാണ് അടുത്തതായി പദ്ധതി നടപ്പാക്കുക.