Chundan-Training

എത്ര മാത്രം പരിശീലിക്കുന്നോ അത്രമാത്രം നെഹ്റു ട്രോഫി കീരിടത്തിലേക്കുള്ള ദൂരം കുറയും. നെഹ്റു ട്രോഫി ജലമേളയ്ക്ക് നാലു നാൾ മാത്രം ശേഷിക്കേ പുന്നമടക്കായലിലെ ട്രാക്കിലെത്തി അവസാനവട്ട പരിശീലനത്തിലേക്ക് കടന്നു കഴിഞ്ഞു ബോട്ട് ക്ലബുകൾ . തുഴച്ചിൽക്കാർക്ക് ആവേശം പകരാൻ ഓരോ ചുണ്ടൻ വള്ളത്തിന്റെയും ആരാധകരുമെത്തുന്നു. 

നാലുദിവസത്തെ ദൂരമേയുള്ളു നെഹ്റു ട്രോഫിയിലേക്ക്. ജീവൻ മരണ പോരാട്ടത്തിലാണ് ബോട്ടുക്ലബുകളും തുഴച്ചിൽക്കാരും. കുട്ടനാടിന്റെയും അപ്പർ കുട്ടനാട്ടിലെയും വിവിധ ജലാശയങ്ങളിൽ പരിശീലനം നടത്തിയിരുന്ന ചുണ്ടൻ വള്ളങ്ങൾ അവസാന വട്ട ഒരുക്കത്തിനായി പുന്നമടയിലെ ട്രാക്കിലെത്തി. കരയിൽ ആവേശം പകര്‍ന്ന് ബോട്ടുക്ലബുകളുടെ ആരാധകര്‍. തങ്ങളുടെ വള്ളം ജയിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടെങ്കിലും വള്ളംകളി നടക്കുന്നതിന്റെ ആഹ്ളാദമാണ് വാക്കുകളിൽ.

വള്ളംകളിയോടുള്ള ഇഷ്ടത്തിനൊപ്പം വള്ളങ്ങളുടെ പരിശീലനത്തിനായി മുടക്കേണ്ടിവരുന്ന തുകയെക്കുറിച്ചുള്ള ആകാംക്ഷയാണ് ക്യാപ്റ്റൻമാർക്ക്. ആവേശത്തിമിര്‍പ്പിലാണ് പുന്നമട . പരിശീലനം കാണാനെത്തുന്നവരിൽ പോലും വീറും വാശിയും പ്രകടം.