funeral

തൊടുപുഴ കുടയത്തൂർ സംഗമം ജംക്ഷന് സമീപം ഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ അഞ്ചുവയസുകാരന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. 

 

സോമനും കുടുംബവും ഉറങ്ങികിടക്കുന്നതിനിടെയാണ് ഉരുൾ പൊടുന്നനെ ഇരച്ചെത്തിയത്. പാറക്കൂട്ടവും വൻ മരങ്ങളും വീട് തുത്തെറിഞ്ഞു. വീടിന്റെ തറഭാഗം മാത്രമാണ് അവശേഷിപ്പിച്ചത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു.

 

വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. തങ്കമ്മയുടെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് മറ്റ് നാലു പേർക്കായി മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട തിരച്ചിൽ. പത്തരയോടെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൂന്നരയോടെ മൃതദേഹം വീണ്ടും ജന്മനാട്ടിലെത്തിച്ചു. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി.  

 

മന്ത്രിമാരും പൗരപ്രമുഖരും നാട്ടുകാരും അന്തിമോപചാരമര്‍പ്പിക്കാനെത്തി. ഉരുള്‍പൊട്ടല്‍ ഭീതിയൊഴിയാത്തതിനാല്‍ ഇവിടെയുള്ള കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.  മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്രയ്ക്ക് കലക്ടർ നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.