കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ കേന്ദ്രീകരിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കമ്പനി മേധാവികളുടെ പേരില്‍ വ്യാജരേഖകള്‍ തയാറാക്കി ലക്ഷങ്ങള്‍ വാങ്ങിയുളള തട്ടിപ്പാണ് നടന്നത്. പണം നഷ്ടപ്പെട്ടവര്‍ക്ക് പരാതിയില്ലെങ്കിലും കമ്പനിയുടെ പരാതിയില്‍ ചവറ പൊലീസ് അന്വേഷണം തുടങ്ങി. 

നൂറു രൂപ മുദ്രപത്രം , നിയമന ഉത്തരവ്, കമ്പനിയുടെ മുദ്ര പതിച്ച രേഖകള്‍ ആരും വിശ്വസിച്ച് പോകുന്ന രീതിയിലാണ് പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകാര്‍ കെണിയൊരുക്കിയത്. രണ്ടു ലക്ഷം രൂപ ശമ്പളത്തില്‍ എച്ച്ആര്‍ മാനേജര്‍ തസ്തികയില്‍ ജോലി. സര്‍ക്കാര്‍ ജോലിക്ക് ഒരു ഉദ്യോഗാര്‍ഥി കൊടുത്തത് പതിമൂന്നു ലക്ഷം രൂപയാണ്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പണം കൈപ്പറ്റിയെന്ന് തട്ടിപ്പ് നടത്തിയവര്‍ വ്യാജരേഖ തയാറാക്കി ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറുകയും ചെയ്തു.

പണം നഷ്ടപ്പെട്ട ഒരാള്‍ പോലും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഏകദേശം ഒരുവര്‍ഷമായി തുടരുന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കമ്പനിയിലെ വിജിലന്‍സ് ആന്‍‍‍ഡ് സെക്യൂരിറ്റി സൂപ്രണ്ടാണ് ചവറ പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ നേതാവുമായി ബന്ധമുളള ചവറ സ്വദേശിനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം നഷ്ടപ്പെട്ടവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. കെഎംഎംഎല്‍ മാനേജ്മെന്റില്‍ ആര്‍ക്കും തട്ടിപ്പില്‍ പങ്കില്ലെന്നാണ് പ്രാഥമിക വിവരം.