തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയ്ക്ക് അരികിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒന്നരവർഷമായെങ്കിലും നടപടിയെടുക്കാതെ ജല അതോറിറ്റി. വിഷയത്തിൽ ഹൈക്കോടതി ഇടപ്പെട്ടതോടെ ദേശീയപാത അതോറിറ്റിയെ പഴിചാരുകയാണ് ജല അതോറിറ്റി അധികൃതർ.
കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിൽ കഴിഞ്ഞവർഷം ഒന്നരവർഷമായുള്ല കാഴ്ചയാണിത്. മാലിന്യംകൂമ്പാരത്തിലേക്ക് ഒഴുകിവീഴുന്നത് കുടിവെള്ളമാണ്. കുടിക്കാൻ ഒരിറ്റു വെള്ളത്തിനായി ലക്ഷക്കണക്കിന് ജനങ്ങൾ വലയുമ്പോഴാണ് ജല അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ. ശ്രീനാരായണപുരത്ത് നിന്ന് കഠിനംകുളത്തേക്കുള്ള പ്രധാന കുടിവെള്ള പൈപ്പാണ് പൊട്ടിയിരിക്കുന്നത്.
ലക്ഷക്കണക്കിന് ലീറ്റർ വെള്ളം ഇങ്ങനെ പാഴായി പോയിട്ടും അധികൃതർ തിരഞ്ഞുനോക്കിയില്ല. പലതവണ നാട്ടുകാർ പരാതിപ്പെട്ടപ്പോൾ ചോർച്ച അടച്ചെന്ന് വരുത്തിതീർത്തു. അടച്ച ദിവസം തന്നെ പൈപ്പ് പൊട്ടുകയും ചെയ്തു. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നിടത്താണ് ഈ വെള്ളക്കെട്ട്. ഇതിൽ നിന്നുള്ള കൊതുകശല്യം വേറെ. ഒടുവിൽ കോടതിയെ സമീപിക്കേണ്ടിവന്നു നാട്ടുകാർക്ക്. ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കെ ദേശീയപാത അതോറിറ്റി അനുമതി നൽകാത്തത് മൂലമാണ് അറ്റക്കുറ്റപണി നടത്താനാകാത്തതെന്നാണ് ജല അതോറിറ്റിയുടെ അവകാശവാദം. അനുമതി ലഭിച്ചാലുടൻ അറ്റക്കുറ്റപ്പണി നടത്തുമെന്നും അധികൃതർ അറിയിച്ചു.