palakkad-murder-case

സിപിഎം മരുതറോഡ് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ തള്ളിക്കളയാതെയും ശരിവയ്ക്കാതെയും പ്രതികളുടെ അറസ്റ്റുമായി പൊലീസ് മുന്നോട്ട്.ഞായറാഴ്ച രാത്രി 9നാണു കുന്നങ്കാടു വച്ച് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎമ്മും കൊലയ്ക്കു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയും ആഭ്യന്തര പ്രശ്നങ്ങളും കുടിപ്പകയുമെന്ന് ബിജെപിയും ആർഎസ്എസും നിലപാടെടുത്തു.

പരസ്പരം ആരോപണങ്ങളും ശക്തമായി.ഇതോടെ പൊലീസ് അതീവ ജാഗ്രതയിലായിരുന്നു. എത്രയും പെട്ടെന്നു പ്രതികളെ അറസ്റ്റു ചെയ്യാനുള്ള കഠിന ശ്രമത്തിലായിരുന്നു പൊലീസ്. ബിജെപിയും സിപിഎമ്മും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രകോപനം പാടില്ലെന്ന് ഇരുപാർട്ടികളുടെയും നേതൃത്വം പ്രവർത്തകർക്കു ശക്തമായ നിർദേശം നൽകിയിരുന്നു.

രോഷത്തോടെ, സങ്കടത്തോടെ നാട്.

അറസ്റ്റിലായ പ്രതികളെ കൊലപാതകം നടന്ന കുന്നങ്കാട് തെളിവെടുപ്പിനെത്തിച്ചപ്പോൾ വീട്ടമ്മമാർ ഉൾപ്പെടെ രോഷാകുലരായി. പിന്നീട് സങ്കടക്കാഴ്ചയായി. ‘വെട്ടിക്കൊല്ലുമ്പോൾ ‍ഞങ്ങളുടെ മുഖമൊന്നും നീയ് ഓർത്തില്ലല്ലോടാ’ എന്ന ചോദ്യങ്ങൾ ഉയർന്നു. ‘ഒരു കുടുംബം തകർത്തിട്ട് നീയൊക്കെ എന്തു നേടിയെടാ’ എന്നും വീട്ടമ്മമാർ കരഞ്ഞു ചോദിക്കുന്നുണ്ടായിരുന്നു. നവീൻ ഒഴികെയുള്ള പ്രതികളെയാണ് തെളിവെടുപ്പിനെത്തിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജനം പ്രകോപിതരായെങ്കിലും നാട്ടുകാർ ഇടപെട്ടു നിയന്ത്രിച്ചു. പൊലീസും പ്രവർത്തകരെ സമാധാനിപ്പിച്ചു. 

പുഴ കടന്ന് മലകയറി'

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാടുകയറിയതു പുഴ കടന്ന്. കൊലപാതകം നടന്നിടത്തുനിന്ന് വടക്കോട്ടുള്ള റോഡിലൂടെ രക്ഷപ്പെട്ട് കോരയാർ പുഴ കടന്ന് വടിവാളുകൾ പുഴയോരത്തെ പാടത്ത് ഉപേക്ഷിച്ചാണു പ്രതികൾ രക്ഷപ്പെട്ടത്. ഇതിനിടെ ബാറിലെത്തി മദ്യപിച്ചു.  ശേഷം മലമ്പുഴ കവ വനമേഖലയിൽ എത്തി കുന്നിൻ മുകളിൽ കയറി നിലയുറപ്പിച്ചു. 7 പേരാണ് കുന്നിൻ മുകളിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 9നു കൊലപാതകം നടത്തി തിങ്കൾ പുലർച്ചെ മൂന്നോടെ കവ കുന്നിൻ മുകളിലെത്തിയെന്നാണു പ്രതികളുടെ മൊഴി.

ഇവർക്കു ഭക്ഷണവുമായി പോകുന്നതു ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവിടെനിന്നു ഭക്ഷണ അവശിഷ്ടങ്ങളും കണ്ടെത്തി. കോരയാർ പുഴയുടെ തീരത്തുനിന്നു കണ്ടെടുത്ത 3 വാളുകളിൽ ഒരെണ്ണം വളഞ്ഞ നിലയിലാണ്. ശക്തമായി വെട്ടിയപ്പോൾ വാൾ വളഞ്ഞെന്നാണു പ്രതികളുടെ മൊഴി.