payyannurwb

TAGS

പയ്യന്നൂരിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ ഗാന്ധിജിയുടെ  സന്ദർശനവും പ്രധാന ഏടാണ്. 1934 ൽ പയ്യന്നൂരിൽ എത്തിയ ഗാന്ധിജി നട്ട മാവ് ഇന്നും മധുരം തരുന്നു. ഗാന്ധി ഓർമ്മകൾ ഉണർത്തി അദേഹത്തിന്റെ ചിതാഭസ്മവും ഇവിടെയുണ്ട്.

ഹരിജനോദ്ധാരണവുമായി ബന്ധപ്പെട്ട് സ്വാമി ആനന്ദതീർഥരുടെ അപേക്ഷ മാനിച്ചാണ് 1934 ജനുവരി 12 ന്   ഗാന്ധിജി പയ്യന്നൂരിൽ എത്തുന്നത്. താഴ്ന്നവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനും അവരുടെ സമൂഹിക ഉന്നമനവും ലക്ഷ്യമിട്ട്  1931 ൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ സ്വാമി ആനന്ദതീർഥൻ പയ്യന്നൂരിൽ  സ്ഥാപിച്ച ശ്രീനാരായണ  ആശ്രമത്തിലേക്ക്  ഗാന്ധി എത്തിയത്..സന്ദർശന വേളയിൽ അവിടുത്തെ  ഡയറിയിൽ ഗാന്ധി ഇങ്ങനെ എഴുതി.ഈ സ്ഥാപനം വഴി ഹരിജനങ്ങൾക്ക് സേവനം നൽകപ്പെടുമെന്നും നല്ല ഹരിജനസേവകൻമാർ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു , അത് ഇന്നും ഇവിടെ നിധി പോലെ സൂക്ഷിക്കുന്നു.സന്ദർശനത്തിന്റെ ഓർമക്കായാണ് ഗാന്ധിജി ആശ്രമ വളപ്പിൽ മാവിൻതൈ നട്ടത്. മധുരം നിറഞ്ഞ ഓർമകളോടെ മാവ്  88 വർഷത്തിനുശേഷവും നിലനിൽക്കുന്നു.

ഗാന്ധിമാവിന് സമീപത്തുതന്നെയാണ് ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരുഭാഗം സൂക്ഷിക്കുന്ന  സ്മൃതിമണ്ഡപവും  സ്ഥിതിചെയ്യുന്നത്. തിരുനാവായയിൽ നിമജ്ജനം ചെയ്യാൻ കെ. കേളപ്പൻ കൊണ്ടുവന്ന ഗാന്ധിജിയുടെ ചിതാഭസ്മത്തിൽനിന്ന്‌ സ്വാമി ആനന്ദതീർഥൻ എത്തിച്ച  ഒരുപിടി ചിതാഭസ്മമാണ് ഇവിടുത്തെ സ്മൃതിമണ്ഡപത്തിൽ സൂക്ഷിച്ചിട്ടുള്ളത്.