തിരുവിതാംകൂറിന്‍റെ മണ്ണില്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരെ ഞെട്ടിച്ചുകൊണ്ടാണ് സ്റ്റേറ്റ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം നടന്നത്. പട്ടാളവും സിപിയുടെ പൊലീസും കിണഞ്ഞു ശ്രമിച്ചിട്ടും വട്ടിയൂര്‍ക്കാവിന്‍റെ മണ്ണില്‍ അതെല്ലാം പരാജയപ്പെടുത്തി വന്‍ ജനാവലി ഒഴുകിയെത്തി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വഴിത്തിരിവായി വട്ടിയൂര്‍ക്കാവ് സമ്മേളനം.
1938 ഡിസംബര്‍ 22. അക്കമ്മ ചെറിയാന്‍റെ നേതൃത്വത്തിലുള്ള ഐതിഹാസിക പ്രകടനം നടന്ന് രണ്ടുമാസം കഴിഞ്ഞു. തിരുവിതാംകൂറിന്‍റെ മണ്ണ് മറ്റൊരുജ്വലമായ പോരാട്ടത്തിനായി തിളയ്ക്കുകയാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം തിരുവനന്തപുരത്ത് നടത്താന്‍ എ.നാരായണപിള്ളയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. വട്ടിയൂര്‍ക്കാവ് സമ്മേളനവേദിയായി നിശ്ചയിച്ചു. നടത്തില്ലെന്ന് കട്ടായം പറഞ്ഞ് ദിവാന്‍ രംഗത്തിറങ്ങി. വൈസ്രോയിയുടെ സന്ദര്‍ശനത്തിന്‍റെ മറവില്‍ സര്‍ക്കാര്‍ പൊതുയോഗങ്ങള്‍ നിരോധിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിനും വാശി കയറി. വട്ടിയൂര്‍ക്കാവ് പ്രദേശം പൊലീസും പട്ടാളവും വളഞ്ഞു. ഈച്ച പോലും കടക്കില്ലെന്ന് ദിവാന്‍ ഉറപ്പിച്ചു. സമ്മേളനദിവസമായി.
നേരത്തെ തിരുനെല്‍വേലിയിലേക്ക് പോയിരുന്ന എ.നാരായണപിള്ള സമ്മേളനദിവസം തമ്പാനൂരില്‍ ട്രെയിനിറങ്ങി. എ. നാരായണപിള്ളയും സ്വീകരിക്കാനെത്തിയ നേതാക്കളുമെല്ലാം റയില്‍വേ സ്റ്റേഷനുമുന്നിലെ മൈതാനത്ത് യോഗം ചേര്‍ന്നു. ജനം അച്ചടക്കത്തോടെ ഇരുന്നു. പൊലീസും എല്ലാം ഭദ്രമെന്ന് ഉറപ്പിച്ചു. പൊലീസിന്‍റെ ശ്രദ്ധ തമ്പാനൂരിലെ യോഗത്തിലേക്കും മ്യൂസിയം ഭാഗത്തുനിന്ന് തുടങ്ങുന്ന പ്രകടനത്തിലേക്കും കേന്ദ്രീകരിച്ചിരിക്കെ പലവഴിക്കെത്തിയ പതിനായിരക്കണക്കിന് ജനങ്ങള്‍ പൊലീസിനെയും പട്ടാളത്തെയും തള്ളിമാറ്റി വട്ടിയൂര്‍ക്കാവിലെ സമ്മേളന സ്ഥലത്തേക്ക് ഇരച്ചുകയറി. അധ്യക്ഷന്‍ എ.കുഞ്ഞന്‍ നാടാര്‍, എ.നാരായണപിള്ളയുടെ പ്രസംഗം കുഞ്ഞന്‍ നാടാര്‍ വായിച്ചു. പ്രമേയങ്ങളും പാസാക്കി. സര്‍ സിപി തോറ്റു. അടുത്ത ദിവസം നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പകവീട്ടി. പക്ഷേ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ വീര്യം പതിന്‍മടങ്ങ് ഉയര്‍ന്നതേയുള്ളു. നിരോധനം കാറ്റില്‍പറത്തി ഒത്തുചേര്‍ന്ന ആ ജനാവലിയുടെ സ്വാതന്ത്ര്യബോധത്തിന്‍റെ സ്മരണയാണ് വട്ടിയൂര്‍ക്കാവില്‍ ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്ന ഈ സ്മാരകം.