ഐക്യകേരള രൂപീകരണത്തിലേക്ക് വഴിവച്ച സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള തിരുവിതാംകൂറിന്റെ തീരുമാനം. ചോരക്കറയുടെ ഗന്ധമുള്ള ആ ചരിത്രത്തിലെ തിളക്കമില്ലാതെ പോയ പേരാണ് കെ.സി.എസ് മണിയുടെത്. ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ കവിളത്ത് ആഴ്ന്നിറങ്ങിയ മണിയുടെ വെട്ടുകത്തിയുടെ മൂർച്ചയാണ് തിരുവിതാംകൂറിലെ ജനങ്ങൾ അനുഭവിച്ച സ്വാതന്ത്ര്യം.
സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശത്തിൻ കീഴിൽ ഇന്ത്യയിലെ ജനങ്ങൾ പൗരന്മാരായി തീരാൻ തയാറെടുക്കുമ്പോൾ തിരുവിതാംകൂറിലുള്ളവർ രാജഭരണത്തിൻ കീഴിലെ പ്രജകളായിരുന്നു. 1947 ജൂൺ 2ന് മൌണ്ട്ബാട്ടനുമായുള്ള കൂടിക്കാഴ്ചയിൽ തിരുവിതാംകൂർ സ്വതന്ത്രരാജ്യമായി നിലകൊള്ളുമെന്ന് ദിവാൻ സർ.സി.പി. നിലപാട് പ്രഖ്യാപിച്ചു. സി.പിയെ വകവരുത്താനുള്ള കടുത്ത തീരുമാനത്തിന് വേഗത പകർന്നത് അതോടെയാണ്.
സി.പിയെ നേരിടാനുള്ള ധൈര്യം ഇന്നാട്ടിൽ ഒരാൾക്ക് മാത്രമേയുണ്ടായിരുന്നുള്ളു. അമ്പലപ്പുഴക്കാരൻ കോണാട്ടുമഠത്തിൽ ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ് മണി. എൻ.ശ്രീകണ്ഠൻ നായരുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും ആശീർവാദത്തോടെ 1947 ജൂലൈ 20ന് മൂർച്ചക്കൂട്ടിയ കത്തിയുമായി തിരുവനന്തപുരത്തെത്തിയ കെ.സി.എസ് മണി രവീന്ദ്രമേനോൻ എന്ന കള്ളപേരിൽ മുറിയെടുത്തു. 25ന് വൈകിട്ട് മുണ്ടിനടിയിലെ ഡ്രൌസറിന് മുകളിൽ വെട്ടുകത്തി തിരുകിയിട്ടു കൃത്യം നടത്താൻ സംഗീത കോളജിലേക്ക് മണി നടന്നടുത്തു. മരിക്കുകയാണെങ്കിൽ അന്തസ്സോടെ എന്ന് ഉറപ്പിച്ച് കള്ളപ്പേര് ഉപേക്ഷിച്ച് കെ.സി.എസ് മണി, ട്രാവൻകൂർ സോഷ്യലിസ്റ്റ് പാർട്ടി എന്ന് ഒരുതുണ്ട് കടലാസ് എഴുതി പോക്കറ്റിലിട്ടു.
സംഗീത കോളജിൽ സ്വാതിതിരുനാളിന്റെ ശതവാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് ചിത്തിരതിരുനാൾ മഹാരാജാവ് മടങ്ങിയ ശേഷവും ശെമ്മാങ്കുടിയുടെ കച്ചേരി ആസ്വദിച്ച് സർ.സി.പി കുറച്ചുനേരം കൂടി ഹാളിൽ ഇരുന്നു. സമരം ഏഴരയോടടുത്തു. സി.പി പുറത്തേക്ക് നടന്നു. ദിവാൻ അടുത്തെത്തിയപ്പോൾ മണിസ്വാമി സി.പിയുടെ കഴുത്തിൽ വെട്ടി. കഴുത്തിൽ ചുറ്റിയിരുന്ന പട്ട് സി.പിയെ രക്ഷിച്ചു. മണിസ്വാമി വീണ്ടും വെട്ടി. ആ വെട്ട് ഇടത് കവിളിലും മൂക്കിലുമായി തറച്ചു. രക്തം വാർന്നൊഴുകി. മൂന്നാമത് ഒരിക്കൽ കൂടി വെട്ടിയെങ്കിലും പാഴായി. തലപ്പാവ് ആണ് തെറിച്ചുവീണത്. വെട്ടുകൾക്കിടയിൽ വെളിച്ചം പോയി വന്നു. അത് ഇന്നും അജ്ഞാതം.
ഇനി ആരും പറയാത്ത മറ്റൊരു ചരിത്രം പറയാം. ഈ കൃത്യം നടത്താൻ തന്റെ സിരകൾക്ക് കെൽപ്പുണ്ടെന്ന് മണിസ്വാമി തെളിയിച്ചത് ഇതിനും ഒരുവർഷം മുൻപാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള സർ.സി.പി സത്രത്തിലെ സി.പിയുടെ വെണ്ണക്കൽ പ്രതിമ ഇരുട്ടിന്റെ മറവിൽ മണി തകർത്തു. എന്നിട്ട് ഓടിരക്ഷപ്പെട്ടു. ആ ഓട്ടം നിലച്ചത് ഹരിപ്പാട്ടെ കുമ്പളത്ത് ശങ്കുപിള്ളയുടെ വീട്ടിലാണ്. സർ. സി.പിക്ക് വെട്ടുകൊണ്ടതിന് പിന്നാലെ എല്ലാം പെട്ടെന്നായിരുന്നു. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സമ്മതമാണെന്ന് ചിത്തിര തിരുനാൾ ജൂലായ് 30ന് അറിയിച്ചു. ആഗസ്റ്റ് 13ന് സംയോജനക്കരാറിലും ഒപ്പുവച്ചു. നാടിനെ വിറപ്പിച്ച സി.പി ഭക്തിവിലാസത്തിൽ നിന്ന് പെട്ടിയെടുത്ത് മൈലാപൂരിലേക്ക് വണ്ടികയറി. ചരിത്രതാളുകളിൽ സി.പിയെ വെട്ടിയത് അജ്ഞാതൻ എന്ന് കുറിക്കപ്പെട്ടപ്പോൾ കെ.സി.എസ് മണി ഒന്നുമല്ലാതായി. പാലക്കാട്ടെ ഒളിവുജീവിതം ഒക്കെ അവസാനിപ്പിച്ച് നാട്ടിലെത്തി അറസ്റ്റിലായെങ്കിലും തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു. പിന്നീട് നിയമസഭയിലേക്ക് മൽസരിച്ച മണിസ്വാമി പരാജയപ്പെട്ടു. പഞ്ചായത്ത് മെമ്പറായി. അന്ന് പിടിക്കപ്പെട്ടിരുന്നെങ്കിലും തിരുവിതാംകൂറിലെ അന്നത്തെ നിയമപ്രകാരം ബ്രാഹ്മണൻ എന്ന നിലയിൽ മണിസ്വാമിയെ തൂക്കികൊല്ലാൻ ആവില്ലായിരുന്നു. എങ്കിൽ ചരിത്രം മറ്റൊന്നായേനെ.