സ്വാതന്ത്ര്യസമരത്തിന്റെ കേരള ചരിത്രത്തിലെ ആവേശോജ്വല ഏടുകളാണ് മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങള്‍. ജാതിവിവേചനത്തിനും അയിത്തത്തിനും എതിരായ പോരാട്ടങ്ങളായി മാറിയ ഈ സന്ദര്‍ശനങ്ങളാണ് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരത്തിലേയ്ക്ക് വഴിതെളിച്ചത്. ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ച നവോത്ഥാനമെന്ന സന്ദേശത്തിനും അടിത്തറയേകി.
രാഷ്ട്രപിതാവിന്റെ കേരളത്തിലെ ഐതിഹാസികയാത്രയുടെ ആദ്യ ഇടങ്ങളിലൊന്നാണ് വര്‍ക്കലയിലെ ശിവഗിരിമഠം. 1924 മാര്‍ച്ച് 12, അന്നാണ് ശിവഗിരി കുന്നുകയറി അദേഹം ശ്രീനാരായണ ഗുരുവിന്റെ അടുക്കലെത്തിയത്. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ തേടിയായിരുന്നു യാത്ര. ശിവഗിരിയില്‍ നിന്നിറങ്ങിയ ഗാന്ധിജി അനന്തപുരിയിലെത്തി അന്ന് ബാലനായിരുന്ന ശ്രീചിത്തിര തിരുനാളുമായും അമ്മറാണി സേതുപാര്‍വതിഭായിയുമായി കൂടിക്കാഴ്ച നടത്തി. ബാലന്‍ മഹാരാജാവാകുമ്പോള്‍ ക്ഷേത്രങ്ങള്‍ അവര്‍ണര്‍ക്ക് തുറന്ന് നല്‍കില്ലേയെന്ന് ഗാന്ധിജി നേരിട്ട് ചോദിച്ചു. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന് വഴിമരുന്നായത് ആ നിമിഷമായിരുന്നു.
ഈ ആശുപത്രിയില്‍ രോഗം മൂലം സമീപിക്കാന്‍ കഴിയാത്ത കുറച്ച് രോഗികളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ശുദ്ധരും നിര്‍മലരുമായ ഒരു വലിയ സംഘം ഹിന്ദുക്കളെ കുഷ്ഠരോഗികളേക്കാള്‍ ദൂരത്ത് ആട്ടിപ്പായിച്ചുവരുന്നു. ഇതില്‍പ്പരം അപരാധം തിരുവിതാംകൂറിന് വേറൊന്നില്ല. ജാതിവ്യത്യാസം ഇല്ലാതാക്കണം ഇതില്‍ നിന്നെല്ലാം ശക്തിവരിച്ച രാഷ്ട്രീയ–സാമൂഹ്യപ്രതിഷേധങ്ങള്‍ക്കൊടുവിലാണ് 1936 നവംബര്‍ 12ലെ ക്ഷേത്രപ്രവേശന വിളംബരം. ഗാന്ധിജി ആവശ്യപ്പെട്ടത് പോലെ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാനതീരുമാനങ്ങളിലൊന്നായി ശ്രീചിത്തിര തിരുനാള്‍ ക്ഷേത്രം അവര്‍ണര്‍ക്കും തുറന്ന് നല്‍കി. അതിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനാണ് അവസാനമായി ഗാന്ധിജി കേരളത്തിലെത്തിയത്. അന്ന് അതുവരെ തീണ്ടാപ്പാടകലെ നില്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ കൈപിടിച്ച് അദേഹം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടവുകള്‍ കയറി. ബ്രിട്ടീഷുകാരുടെ അടിമച്ചമര്‍ത്തലിനൊപ്പം നാടുവാഴികള്‍ തീര്‍ത്ത വര്‍ണവെറിയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിലേക്കായിരുന്നു ഗാന്ധിജിയുടെ ആ ചുവടുകള്‍