പുന്നലശ്രീകുമാർ നവോത്ഥാന സംരക്ഷണ സമിതി കൺവീനർ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേർന്ന സമിതി യോഗത്തിലാണ് രാജി. പി.രാമഭദ്രന് കൺവീനറിന്റെ താൽക്കാലിക ചുമതല നൽകി. അതേസമയം, ലിംഗതുല്യത കാഴ്ചപ്പാട് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്ന് നവോത്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശബരിമല പ്രക്ഷോഭക്കാലത്ത് സർക്കാർ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനത്ത് നിന്നാണ് പുന്നലശ്രീകുമാറിന്റെ രാജി. കെപിഎംഎസിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിന് വേണ്ടിയാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സർക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പുതിയ നിയമാവലിക്ക് രൂപംനൽകാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നവോത്ഥാനസമിതി ചേർന്ന യോഗത്തിലാണ് പുന്നലയുടെ രാജി. പി.രാമഭദ്രനാണ് പുതിയ കൺവീനർ. അതേസമയം, ലിംഗതുല്യത അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടെയും കാഴ്ചപ്പാടുകൾ സമൂഹം അംഗീകരിക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ എം.കെ.മുനീറിന്റെ വിവാദ പ്രസ്താവനവയെ പരോക്ഷമായി കൊട്ടിയാണ് പിണറായിയുടെ വാക്കുകൾ. പുതിയ നിയമാവലി അനുസരിച്ച് നവോത്ഥാന സമിതിക്ക് 23 അംഗ ഭരണസമിതിയുണ്ടാകും. സംഘടനയിൽ വ്യക്തികൾക്കും അംഗത്വം നൽകും. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സമിതി പൊടിതട്ടിയെടുക്കുന്നതെന്നാണ് വിമർശനം.