ഒാണ്‍ലൈന്‍ റമ്മി കളിക്കാനുളള പണത്തിനുവേണ്ടി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപെട്ട യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാളകം ഉമ്മന്നൂര്‍ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വാളകം ഉമ്മന്നൂർ നെല്ലിമൂട്ടിൽ പുത്തൻവീട്ടിൽ 23 വയസുളള അനീഷാണ് പിടിയിലായത്. ഒാണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനുവേണ്ടിയാണ് വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു കേസിനാസ്പദമായത് നടന്നത്.  അഞ്ചൽ വൃന്ദാവൻ ജംക്ഷനിൽ നില്‍ക്കുകയായിരുന്ന വീട്ടമ്മയായ അജിതകുമാരിയുടെ മാലയാണ് പ്രതി തട്ടിയെടുത്തത്. കാറിലെത്തിയ അനീഷ് വീട്ടമ്മയോട് ഒരു മേല്‍വിലാസം ചോദിച്ചു. ഇതിനിടെ ഇതിനിടെ കഴുത്തില്‍കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. 

 

സിസിടിവി ദൃശ്യങ്ങള്‍‌ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ പിടികൂടിയത്. ഖത്തറില്‍ ജോലിയുണ്ടായിരുന്ന അനീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് ഇരുപത്തിമൂന്നുകാരന്‍ പൊലീസിനോട് പറഞ്ഞു.