പാലക്കാട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഭാരതപ്പുഴ സംരഷണ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ഒറ്റപ്പാലം ലക്കിടി മുതൽ ജില്ലാ അതിർത്തിയായ ആനക്കര വരെയുള്ള 60 കിലോമീറ്റർ പ്രദേശത്താണ് പദ്ധതി.
തീരങ്ങളിൽ ജൈവ വേലി ഒരുക്കലാണു രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്. ഓരോ പ്രദേശങ്ങളിലും ഏതു തരം ചെടികൾ മുളപ്പിക്കണമെന്നതിനെക്കുറിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പഠനം തുടങ്ങി.
റവന്യു, വനം, പൊലീസ്, ജലസേചനം, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരങ്ങളുടെയും അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണവും സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവൽക്കരണവും സൂചന ബോർഡുകൾ സ്ഥാപിക്കലും ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു.