pathankayam

മരണം പതിയിരിക്കുന്ന ആഴങ്ങളാണ് കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയത്തുള്ളത്. മൂന്നാഴ്ച്ച മുമ്പ് ഒഴുക്കില്‍ 17കാരന്റേതടക്കം പതങ്കയം കവര്‍ന്നത് 19 ജീവനുകള്‍. കാട് മൂടി കിടക്കുന്ന ഒരേയൊരു മുന്നറിയിപ്പ് ബോര്‍ഡാണ് ഇവിടെയുള്ള നിയന്ത്രണം. മനോരമ ന്യൂസ് പരമ്പര ജീവനെടുക്കുന്ന കാണാക്കയങ്ങള്‍ തുടരുന്നു.

ആര്‍ത്തലച്ചൊഴുകുന്ന പതങ്കയം പുഴ പോലെ തന്റെ മകന് വേണ്ടി കണ്ണീര്‍ ഒഴുക്കിയ മൂന്നാഴ്ച്ചകള്‍ക്ക് ശേഷമാണ്, ഈസ്റ്റ് മലയമ്മ സ്വദേശിയായ അബ്ദുള്‍ നിസാറിന്റെ മകന്‍ ഹുസ്നിയുടെ മൃതദേഹഭാഗങ്ങള്‍ പതങ്കയത്തുനിന്ന് കണ്ടെടുത്തത്. പെരുവെള്ളത്തില്‍പ്പെട്ട മകനെപ്പറ്റിയുള്ള ദുഖം ഒരംശമെങ്കിലും ഈ പിതാവിന്റെ മനസിലമര്‍ന്നത് ഹുസ്നിയുടെ ശരീരഭാഗങ്ങള്‍ സംസ്കരിച്ച ശേഷമാണ്.  പരലോകത്തെങ്കിലും മകന് മോക്ഷം ലഭിക്കുമെന്ന വിശ്വാസം‌. 

മരണത്തിന്റെ മണമുള്ള പതങ്കയത്തിന് താഴെ ഏഴ് കിലോമീറ്റര്‍ മാറി ഇക്കഴിഞ്ഞ 23ന് ഹുസ്നിയുടെ ശരീരഭാഗങ്ങള്‍ കിട്ടുമ്പോള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മുതല്‍ നാവികസേനാംഗങ്ങള്‍ വരെ നടത്തിയത് യുദ്ധകാലാടിസ്ഥാനത്തിലുള്ള തിരച്ചില്‍. രക്ഷാപ്രവര്‍ത്തനം പോലും അത്രത്തോളം ദുഷ്കരമാണിവിടെ. ഹുസ്നിയടക്കം 19 ജീവനുകളെ കയം കവര്‍ന്നു. വെള്ളത്തില്‍ ഇറങ്ങണമെന്നില്ല അപകടമുണ്ടാകാന്‍. വഴവഴുക്കുള്ള പാറയില്‍ വേനലിലും മഴയത്തും ഒരേപോലെ അപകടസാധ്യത. 

ഹുസ്നി മുബാറക്കെന്ന വിദ്യാര്‍ഥി കരയിലെ പാറയില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് വഴുതിവീണതെന്നും ഓര്‍ക്കണം. സര്‍ക്കാര്‍ മുന്‍കൈയെടുത്തുള്ള നിയന്ത്രണങ്ങളും ഇടപെടലുകളും ഏറ്റവും അത്യാവശ്യമുള്ള മലയോരത്തെ കൊലക്കയമാണ് പതങ്കയം.