ആളിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് ജലചൂഷണത്തിന് ശ്രമിക്കുന്നതായ ആക്ഷേപം പരിശോധിക്കാന്‍ മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ധസമിതി അടുത്തയാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തും. ഒരു തുള്ളി വെള്ളംപോലും കേരളത്തിന് നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

കരാറിന് വിരുദ്ധമായി ആളിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് ഒട്ടംചത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതൃത്വം ചിറ്റൂരിലും ഗോപാലപുരത്തും വ്യത്യസ്ത സമരങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ സമരം യാഥാര്‍ഥ്യം മനസിലാക്കാതെയുള്ള നടപടിയെന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറയുന്നത്. ഒരു തുള്ളി വെള്ളം പോലും തമിഴ്നാട് അധികം കൊണ്ടുപോകില്ല. നിലവിലെ കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി അടുത്തയാഴ്ച യോഗം ചേര്‍ന്ന് എല്ലാ വശങ്ങളും പരിശോധിക്കും.  

 

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ഡാമുകളില്‍ നിന്ന് കരാര്‍ പ്രകാരമുള്ള മുഴുവന്‍ വെള്ളവും സംസ്ഥാനത്തിന് കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കരാര്‍ ലംഘനമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്നും കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി.