pathanamthitta

പോസ്റ്റ് ഓഫിസ് എവിടെയാണോ അവിടെയാണ് ആ സ്ഥലത്തിന്റെ കേന്ദ്രം എന്നു പറയാറുണ്ട്. എന്നാൽ തപാൽ ഓഫിസിന് മുൻപിലായി പൊതുനിരത്തിൽ ഫ്ലക്സ് ബോർഡുകൾ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന കാഴ്ചയാണ് പത്തനംതിട്ട എഴുമറ്റൂർ കവലയുടെ പ്രത്യേകത. ചിലത് വൈദ്യുത, ടെലിഫോൺ തൂണിന്റെ മുകളിലും ഉയർത്തിക്കെട്ടിയിരിക്കുകയാണ്. ഇക്കാരണത്താൽ പോസ്റ്റ് ഓഫിസിൽ നിന്ന് പുറത്തേക്കുള്ള കാഴ്ച പോലും തടസ്സപ്പെട്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള കാറ്റും സൂര്യപ്രകാശവും അകത്തേക്കു സുഗമമായി കടക്കാത്ത സ്ഥിതിയും. 

 

സ്ഥാപനത്തിന്റെ പേരെഴുതിയ ബോർഡ് പുറത്തുനിന്നു നോക്കിയാൽ കാണാനും കഴിയില്ല. പരീക്ഷകളിൽ മികച്ച വിജയം നേടിയവരുടെയും മന്ദിര നിർമാണ ഉദ്ഘാടനത്തിന്റെയും മറ്റും ഫ്ലക്സുകളാണിവ. ഉപറോഡുകളിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ജംക്‌ഷനിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുമാണ് ചിലതിന്റെ സ്ഥാനം. ഇവിടെയെത്തുന്ന ഉപയോക്താക്കൾക്കും കാൽനടക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ് ഇത്തരം ബോർഡുകൾ.