harbour

എറണാകുളം വൈപ്പിനിലെ കാളമുക്ക് ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍ സമരത്തിലേക്ക്. കാളമുക്ക് ഫിഷിങ് സെന്റര്‍ വികസിപ്പിക്കുന്നത് വരെ മത്സ്യഫെഡുമായി സഹരിക്കേണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. സമീപത്തെ സ്വകാര്യവ്യക്തിയുടെ ഹാര്‍ബറില്‍ വന്‍ വാടക നല്‍കിയാണ് വര്‍ഷങ്ങളായി ഇവര്‍ മത്സ്യലേലം നടത്തുന്നത്.

നാല് ദിവസം മുന്‍പാണ് മത്സ്യബന്ധനത്തിനിടെ കടല്‍ത്തട്ടില്‍ ആഴ്ന്നു കിടക്കുന്ന മരത്തടിയില്‍ കുരുങ്ങി ഇവരുടെ വല പൂര്‍ണമായും നശിച്ചത്. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം. ഫിഷറീസ് വകുപ്പ് കൈമലര്‍ത്തിയതോടെ കടം വാങ്ങിയ തുകയ്ക്ക് വല നേരെയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ തൊഴിലാളികള്‍. ഇങ്ങിനെ പലതിനോടും മല്ലടിച്ചാണ് ഇവരെപോലുള്ള ആയിരകണക്കിന് തൊഴിലാളികള്‍ നിത്യവൃത്തിക്കായി കടലിലേക്ക് പോകുന്നത്. മീനുമായി തിരികെയെത്തുമ്പോള്‍ സ്വകാര്യ ഹാര്‍ബറിെല ഇടനിലക്കാരാണ് മത്സ്യലേലം ചെയ്യുന്നത്. ആ ഇനത്തിലും ഇവര്‍ക്ക് നിരത്താനുള്ളത് നഷ്ടകണക്കുകള്‍ മാത്രം.

കാളമുക്കിലെ ഈ ഷിഷിങ് സെന്റര്‍ വികസിപ്പിച്ച് ഹാര്‍ബറാക്കണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാതിവഴിയില്‍ നിലച്ച നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയാറാകും വരെ സമരവുമായി മുന്നോട്ട് പോകാനാണ് കാളമുക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരുമാനം. മത്സ്യഫെഡിനും സഹകരണസംഘത്തിനും വില്‍പന വിഹിതം നല്‍കില്ല. ഹാര്‍ബര്‍ വികസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനാണ് ഇവരുടെ നീക്കം.