attapadi

ഗതാഗത സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹവുമായി നാല് കിലോമീറ്ററിലധികം നടക്കേണ്ടി വന്ന അയ്യപ്പന്റെ ഊരിലേക്ക് വഴി തെളിയാന്‍ കടമ്പകളേറെ. മുരുഗള ഊര് സംരക്ഷിത വനമായതിനാല്‍ റോഡും പാലവും നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. അത്യാവശ്യ സഞ്ചാരത്തിനുള്ള വഴിയൊരുക്കാനുള്ള നിര്‍ദേശം മന്ത്രിക്ക് സമര്‍പ്പിക്കുന്നതിനാണ് തീരുമാനം. 

 

പിറവിയെടുത്ത് നാലാം മാസം നഷ്ടപ്പെട്ട സജിനേശ്വരിയുടെ മൃതദേഹവുമായി അച്ഛന്‍ അയ്യപ്പന്‍ സാഹസികമായി നടന്നുപോകുന്ന കാഴ്ച ഉള്ളുലച്ചിട്ട് അധികമായില്ല. ഗതാഗത സൗകര്യമില്ലാത്തത് തന്നെയാണ് ഊരിലെ പ്രധാന പ്രതിസന്ധി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി കെ.രാധാകൃഷ്ണന്‍ പട്ടികവർഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് ഊരിലെത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സന്ദര്‍ശനം മുരുഗളക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ലെന്നാണ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലുള്ളത്. സംരക്ഷിത വനമായതിനാൽ റോ‍‍ഡും പാലവും നിർമിക്കുന്നത് പ്രായോഗികമല്ല. അത്യാവശ്യ സഞ്ചാരത്തിനുള്ള സൗകര്യമൊരുക്കുന്നതിനും പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍. ഗതാഗത സൗകര്യമുള്ള ഇടത്ത് നിന്ന് ഏറെ ദൂരം പതിവുപോലെ മുരുഗളക്കാര്‍ കാല്‍നടയായി താണ്ടേണ്ടി വരുമെന്ന് ചുരുക്കം. 

 

തികച്ചും അനാരോഗ്യകരമായ സാഹചര്യമാണ് ഊരിലെന്ന് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലുണ്ട്. കൃഷിയും തൊഴിലുറപ്പുമാണ് ഉപജീവനമാർഗം. മഴക്കാലം ദുരിതം കൂട്ടുന്നു. വീട്, ശുചിമുറികൾ, ശുദ്ധജലം, വൈദ്യുതി ഇവയുടെ പോരായ്മയുണ്ട്. വിവരങ്ങള്‍ അടുത്തദിവസം മന്ത്രിയെ ധരിപ്പിക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഊരില്‍ നിന്ന് മടങ്ങി. എത്രയോ തവണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യാതൊന്നുമുണ്ടായില്ല എന്നതാണ് അനുഭവമെന്ന് മുരുഗളക്കാരുടെ ഓര്‍മപ്പെടുത്തല്‍