navysearch

 കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിക്കായി തിരച്ചിലിന് നാവികസേനയും. എട്ടംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കനത്ത മഴയില്‍ ജില്ലയിലെ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. 

ഈസ്റ്റ് മലയമ്മ സ്വദേശിയായ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് ആറ് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിനാലാണ് നാവികസേനയുടെ സഹായം തേടിയത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ സേന, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ തിരച്ചില്‍ തുടരുകയാണ്. ചീഫ് ഡൈവിങ് ഇന്‍സ്ട്രക്ടറുടെ നേതൃത്വത്തിലുള്ള എട്ടു മുങ്ങല്‍ വിദഗ്ധരാണ് നാവികസേനാ സംഗത്തിലുള്ളത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് വിദ്യാര്‍ഥി പതങ്കയം വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പ്പെട്ടത്. ശക്തമായി തുടരുന്ന മഴയിലാണ് മാവൂരിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത്.

ഏക്കര്‍ കണക്കിന് വാഴ കൃഷി നശിച്ചു. ചാലിയാറിലും ചെറുപുഴയിലും കുത്തൊഴുക്ക് ശക്തമാണ്. അതേസമയം, റെഡ് അലേര്‍ട് തുടരുന്ന കക്കയം ഡാമില്‍ കൂടുതല്‍ ജലം ഒഴുകിയെത്തുന്നുണ്ട്. രണ്ട് ഷട്ടറുകളിലൂടെ സെക്കന്‍റില്‍ 45 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കിലെ 9 വീടും വടകര താലൂക്കിലെ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ ജലാശയങ്ങളിലിറങ്ങുന്നത് നിരോധിച്ചത്. കടല്‍, നദികള്‍, മറ്റ് ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുനമെന്നാണ് കലക്ടറുടെ ഉത്തരവ്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് പുറമേ താലൂക്ക് അടിസ്ഥാനത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.