karimanal-fight

ആലപ്പുഴ തോട്ടപ്പള്ളിയിലെ  കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് എച്ച് സലാം എംഎല്‍എയും സിപിഐ ജില്ലാ ഘടകവും തമ്മിലുള്ള പോര് മൂര്‍ഛിക്കുന്നു.  സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങിയ ട്രോള്‍ പോര്  പരസ്പരം ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നതിലേക്ക് വളര്‍ന്നു. സിപിഐ ജില്ലാ  സെക്രട്ടറി ടി.ജെ.ആഞ്ചലോസിനെതിരായ പ്രതികരണത്തിന് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല സിപിഐ എന്നായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. 

ട്രോളില്‍ തുടങ്ങിയ പോരാണ് ആലപ്പുഴയില്‍ സിപിഎം– സിപിഐ രാഷ്ട്രീയ യുദ്ധമായി വളരുന്നത്. തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന കരിമണല്‍ഖനനമാണ് പ്രശ്നത്തിനാധാരം. . കഴിഞ്ഞ ദിവസം  എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍  ഖനനം നിര്‍ത്തിവയ്പ്പിച്ചതിനെ സിപിഐ ജില്ലാ  സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചിരുന്നു. ഇത്രനാളും ഖനനം നടന്നിട്ടും  എച്ച് സലാം ഇടപെടാത്തതിലായിരുന്നു പരിഹാസം.ഇതിനെതിരെ സലാം  ഫെയ്സ് ബുക്കിലൂടെ തിരിച്ചടിക്കുകയും   ടി.ജെ.ആഞ്ചലോസിനെതിരെ പ്രതികരണവുമായി രംഗത്തുവരുകയും ചെയ്തിരുന്നു.ഇതെതുടര്‍ന്നാണ് സിപിഐ സലാമിനെതിരെ ആഞ്ഞടിച്ചത്.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്  എന്ന വാദമുയര്‍ത്തി പരസ്യമായിസിപിഎം  ഖനനത്തെ  പിന്തുണയ്ക്കുകയാണ്. ധാതുമണല്‍വേര്‍തിരിച്ച മണല്‍ തിരികെ തീരത്ത് കൊണ്ടിടാത്തതില്‍ മാത്രമാണ് സിപിഎമ്മിന് വിയോജിപ്പ്.എന്നാല്‍ ഖനനം തുടങ്ങിയപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തുണ്ട് സിപിഐ. സമരം നടത്തിയതിന്‍റെ  ടി.ജെ.ആഞ്ചലോസ് അടക്കമുള്ളവര്‍ക്കെതിരെ കേസുകളുമുണ്ട്.കരിമണല്‍ ഖനനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതിയില്‍ നിന്ന് സിപിഎമ്മിനും സിപിഐയ്ക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സിപിഐയുടെ മണ്ഡലം സമ്മേളനങ്ങള്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമ്മേളനങ്ങളില്‍കരിമണല്‍ ഖനനത്തിനെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കാനാണ് സിപിഐ തീരുമാനം.