ഗാന്ധിദര്‍ശനം വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തിപഥത്തില്‍ എത്തിച്ചതിനാകും പി. ഗോപിനാഥന്‍നായര്‍ എന്ന പേര് കേരള ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടുക. മാറാട് കൂട്ടക്കൊലയുടെ നാളുകളില്‍ പരസ്പരം വാളോങ്ങി നിന്നവര്‍ക്കിടയില്‍ നാലുമാസം താമസിച്ചാണ് ഗോപിനാഥന്‍ നായര്‍ സമാധാനവും സാഹോദര്യവും ഊട്ടിയുറപ്പിച്ചത്. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളി സംഘര്‍ഷം പരിഹരിക്കാനും കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താനും മുന്നിട്ടിറങ്ങി.
ഗാന്ധി ഒരു വ്യക്തി എന്നതിലുപരി, മൂല്യം ഇടിയാത്ത ആശയമാണെന്നായിരുന്നു ഗോപിനാഥന്‍ നായരുടെ ജീവിത മുദ്രാവാക്യം. അവസാന ശ്വാസം വരെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജനനം 1922 ജൂലൈ 7 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലായിരുന്നു. 10 വയസ്സുള്ളപ്പോഴേ സ്വാമി വിവേകാനന്ദനിൽ ആകൃഷ്‌ടനായി. 1934ൽ, 11ാം വയസ്സിൽ ഹരിജനോദ്ധാരണ ഫണ്ട് സമാഹരണത്തിനു കേരളത്തിലെത്തിയ ഗാന്ധിജിയെ ആദ്യമായി കണ്ട കാഴ്ച ഗോപിനാഥന്‍ നായര്‍ ആവേശത്തോടെ വിവരിക്കുമായിരുന്നു.
ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സാമൂഹിക സേവനത്തിന്റെ പാത തിരഞ്ഞെടുത്തു . ഇന്റർ മീഡിയറ്റിനു പഠിക്കുമ്പോള്‍ സ്‌റ്റേറ്റ് കോൺഗ്രസിൽ സജീവമായി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, കോളജ് ബഹിഷ്‌കരിച്ച് ഉപവാസം നടത്തിയതിനു പൊലീസ് അറസ്‌റ്റ് ചെയ്‌തു ജയിലിലാക്കിയതോടെയാണ് ആ സമര ജീവിതത്തിന് തുടക്കമാകുന്നത്. 1951 ൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഗാന്ധി സ്മാരക നിധിയിൽ പ്രവർത്തനം തുടങ്ങി. തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് ലഭിക്കുമായിരുന്ന സർക്കാർ സർവീസും ചൈനയിലെ കൾച്ചറൽ അറ്റാഷെ ആയി ലഭിക്കുമായിരുന്ന നിയമനവും വേണ്ടെന്ന് വച്ചാണ് ഗോപിനാഥന്‍ നായര്‍ മഹാത്മജി സ്‌ഥാപിച്ച സേവാഗ്രാം ആശ്രമത്തിലേക്കു യാത്ര തിരിച്ചത്. സർവോദയ സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. വിനോബാഭാവെയ്ക്കും ജയപ്രകാശ് നാരായണനുമൊപ്പം ഭൂദാൻ, ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ മുഴുകി. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്നു നടന്ന സംഘർഷം ശമിപ്പിക്കുന്നതിനുള്ള ഗാന്ധിയൻ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. പഞ്ചാബ് കരാറിനു അടിത്തറയായത് സംഘം നല്കിയ റിപ്പോര്‍ട്ടാണ്.
കുട്ടനാട്ടിലെ കർഷകത്തൊഴിലാളി സംഘർഷത്തിന് അറുതി വരുത്താൻ ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനുളള പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു.
ബംഗ്ലാദേശ് കലാപകാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാർഥികളുടെ ക്യാംപുകളിലും സാന്ത്വനവുമായെത്തി. മതവൈരം എല്ലാം
തച്ചുടയ്ക്കുമെന്ന് കരുതിയ മാറാട് കലാപനാളുകളില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതീക്ഷയര്‍പ്പിച്ചത് ഗോപിനാഥന്‍ നായരില്‍. . മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ചരിത്രമായി.
അഖിലേന്ത്യാ സർവസേവാസംഘം പ്രസിഡന്റായി 3 തവണ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്‌ഥാനത്ത് എത്തിയ ഏക മലയാളി. കേരള ഗാന്ധി സ്‌മാരക നിധി ചെയർമാനും ഗാന്ധി പീസ് ഫൗണ്ടേഷന്റെ അഖിലേന്ത്യാ ആജീവനാംഗവും കേന്ദ്ര നിർവാഹക സമിതി അംഗവുമായിരുന്നു. ഗാന്ധിയൻ ചിന്തകളുമായി ബന്ധപ്പെട്ട് അനേകം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അംഗീകാരങ്ങള്‍ക്കും പദവികള്‍ക്കും പിന്നാലെ ഒാടുന്നതില്‍ വിമുഖനായിരുന്ന അദ്ദേഹത്തെ 2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ധരിച്ചിരുന്ന ശുഭ്രവസ്ത്രംപോലെ വാക്കിലും പെരുമാറ്റത്തിലും ഗോപിനാഥന്‍ നായര്‍ നൂറ്റാണ്ട് കാലം പുലര്‍ത്തിയ വെണ്‍മ വരും തലമുറകള്‍ക്കും വെളിച്ചമേകും.