തകര്‍ന്നിട്ട് വർഷങ്ങളായ പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡ് അധികൃതർ തിരിഞ്ഞ് നോക്കാതായതോടെ ദുരിതത്തിലായി നാട്ടുകാർ.പ്രളയകാലത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡില്‍ വന്നടിഞ്ഞ മണ്ണുംകല്ലും പോലും ഇതുവരെയായിട്ടും നീക്കിയിട്ടില്ല. ബസ് സര്‍വീസുകളും നിലച്ചതോടെ പലരും മറ്റ് സ്ഥലങ്ങളിലേയ്ക്ക് താമസം മാറുകയാണ് കൈപ്പള്ളിയില്‍ നിന്നും ഏന്തയാറിലേയ്ക്കുള്ള 6 കിലോമീറ്റര്‍ ദൂരമാണ് പലയിടത്തും ടാറും മെറ്റലും പോലും ശേഷിക്കാതെ തകര്‍ന്നത്.
പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പതിറ്റാണ്ടുകളുടെ കാത്തിരുപ്പിന് ശേഷമാണ് യാഥാര്‍ത്ഥ്യമായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന റോഡ് പ്രളയകാലത്ത് ഉരുള്‍പൊട്ടിയതോടെയാണ് പൂര്‍ണമായും തകര്‍ന്നത്. ചിലയിടങ്ങളില്‍ സംരക്ഷണഭിത്തി തകര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയത്ത് നിന്നുള്ള എളുപ്പവഴിയെന്ന നിലയില്‍ ഈ റോഡ് ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. ബസ് സര്‍വീസ് നിലച്ചതിനൊപ്പം ഓട്ടോകള്‍പോലും വരാന്‍ മടിക്കുന്നതോടെ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ വീട് വാടകയ്‌ക്കെടുത്ത് മറ്റിടങ്ങളിലേയ്ക്ക് മാറി. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈരാറ്റുപേട്ടയില്‍ നിന്നും ഏന്തയാറിനും മുണ്ടക്കയത്തിനും ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളും മാസങ്ങള്‍ക്ക് മുന്‍പേ നിലച്ചു. പിഡബ്ല്യുഡി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികള്‍.