ksrtc

കെഎസ്ആര്‍ടിസിയുടെ മൂന്നാറിലേക്കുളള ടൂര്‍ പാക്കേജില്‍ യാത്രക്ക് സ്വകാര്യബസ് ഒരുക്കിയതില്‍ പ്രതിഷേധം. മലപ്പുറം ഡിപ്പോയില്‍ യാത്രക്കാര്‍ ബഹളം വച്ചതോടെ സ്വകാര്യ ബസ് മാറ്റി പകരം  കെഎസ്ആര്‍ടിസി ബസില്‍ തന്നെ യാത്ര പുറപ്പെട്ടു.

 

കെഎസ്ആര്‍ടിസിയുടെ വിനോദപാക്കേജില്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്തവരാണ് യാത പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പെ മലപ്പുറത്തെ ഡിപ്പോയിലെത്തിയത്. മൂന്നാറിലേക്കുളള കെഎസ്ആര്‍ടിസി ബസ് കണ്ടില്ല. പകരം സജ്ജമാക്കിയ സ്വകാര്യ ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യാന്‍ തയാറല്ലെന്ന് യാത്രക്കാരന്‍ നയം വ്യക്തമാക്കി.

 

അമ്മമാരും കുട്ടികളുമെല്ലാം വിനോദയാത്ര സംഘത്തിലുണ്ട്. കെഎസ്ആര്‍ടിസിയില്‍ വിനോദയാത്ര പോവണമെന്ന ആഗ്രഹത്തിനാണ് മങ്ങലേറ്റതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. കെഎസ്ആര്‍ടിസിയുടെ ബസുകളുടേയും ജീവനക്കാരുടേയും കുറവ് കണക്കിലെടുത്ത് സംസ്ഥാന തലത്തിലുളള തീരുമാനത്തിന്‍റെ ഭാഗമായാണ് സ്വകാര്യബസ് ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ആനവണ്ടിയില്‍ തന്നെ യാത്ര പുറപ്പെടാനായി.