ഔദ്യോഗിക ജീവിതത്തിനിടെ കാന്‍വാസില്‍ വര്‍ണവിസ്മയം വിരിയിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ വീണ എന്‍.മാധവന്‍. കോഴിക്കോട് ലളിതകലാ അക്കാദമിയിലാണ് ഫ്ലൂയിഡ് ആര്‍ട്ടില്‍ തീര്‍ത്ത 'എന്‍ചാന്റിങ് ഹ്യൂസ് ' എന്ന  ചിത്രപ്രദര്‍ശനം. നിലവില്‍ ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണറായ വീണയുടെ ആദ്യ ചിത്ര പ്രദര്‍ശനം കൂടിയാണിത്.

 

പഠനം മാത്രമല്ല കലയും പ്രധനമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞിരുന്നു വീണ. ചിത്രരചനയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം.   എന്നാല്‍ ഔദ്യോഗിക തിരക്കുകളായതോടെ കലാലോകവുമായി അകന്നു. പിന്നെ കോവിഡ് കാലത്താണ് പഴയചിത്രകാരിയിലേയ്ക്കുള്ള തിരിച്ചുപോക്ക്. ചായത്തിനപ്പുറം കാന്‍വാസിനെ മനോഹരമാക്കുന്ന ഫ്ലൂയിഡ് ആര്‍ട്ടിലെ ആല്‍ക്കഹോള്‍ ഇങ്കാണ് പരീക്ഷിച്ചത്. ആദ്യമൊരു നേരം പോക്കിന് തുടങ്ങിയതാണെങ്കിലും പിന്നെ കാര്യമായി.

 

പുതുയുഗത്തിന്റെ ചിത്രരചന മാധ്യമമായ ആല്‍ക്കഹോള്‍ ഇങ്കില്‍ തീര്‍ത്ത ചിത്രങ്ങള്‍ ആളുകള്‍ക്ക് കൗതുകമാണ്. ഓരോ ചിത്രങ്ങളിലും നിറങ്ങള്‍ ഒഴുകി നടക്കുന്നു. രണ്ടുദിവസത്തെ പ്രദര്‍ശനത്തിന്  ഇരുപത്തിയഞ്ച് ചിത്രങ്ങളാണുളളത്