‘ചേട്ടാ, കേക്ക് എവിടെയാണു കിട്ടുന്നത്?’. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെല്ലാനത്തെ പരിപാടിയുടെ ഫോട്ടോ എടുക്കാനെത്തിയപ്പോഴാണു ഒരു കുട്ടി വന്ന് പെട്ടെന്നൊരു ചോദ്യമെറിഞ്ഞത്. ‘മുഖ്യമന്ത്രി വന്നില്ലേ, ഇനി പരിപാടി കഴിഞ്ഞിട്ടു തരുമായിരിക്കും’ എന്ന് അവനെ ആശ്വസിപ്പിച്ചു. പക്ഷേ, പയ്യൻ വിടുന്ന ലക്ഷണമില്ല.

 

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രിക്കു സുരക്ഷ കർശനമാണ്. വേദിയിലും സമീപത്തുമെല്ലാം ആറടി പൊക്കമുള്ള പൊലീസ് നിരന്നുനിൽക്കുന്നു. അവനോട് ഞാൻ പേരു ചോദിച്ചു. മെയ്ജോ എന്നു മറുപടി. എന്റെ ആശ്വാസവാക്കിൽ തൃപ്തി പോരാഞ്ഞ് അവൻ പമ്മിപ്പമ്മി പൊലീസുകാരുടെ അടുത്തേക്ക് എത്തി.

 

ചെല്ലാനത്ത് അഞ്ചു മാസം മുൻപ് ആരംഭിച്ച ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ഔപചാരിക ഉദ്‌ഘാടനമാണ് ചെല്ലാനം സെന്റ് മേരീസ് സ്‌കൂളിൽ നടക്കുന്നത്. എറണാകുളം ജില്ലയിൽ ഉച്ചയോടെ എത്തിയ മുഖ്യമന്ത്രിക്കു കലൂരിലും ചെല്ലാനത്തുമായിരുന്നു പൊതുപരിപാടികൾ. കലൂരിലെ പരിപാടിയിൽ പ്രതിഷേധ പ്രകടനങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും തീരപ്രദേശമായ ചെല്ലാനത്ത് പ്രതിഷേധം മുൻകൂട്ടികണ്ടു പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. വഴിയിൽ ഉടനീളം സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മഫ്തിയിലും നിലയുറപ്പിച്ചു.

 

പ്രധാന വേദിയായ സെന്റ് മേരീസ് സ്‌കൂളിൽ അകത്തും പുറത്തും നൂറോളം പൊലീസ് അണിനിരന്നു. ഇതിനിടയിലാണ്, മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ പൊലീസിനെ അമ്പരിപ്പിച്ചു സ്റ്റേജിനു പിന്നിൽ ഒട്ടും ഭയമില്ലാതെ രണ്ടാം ക്ലാസ് വിദ്യാർഥി മെയ്ജോയുടെ വരവ്. എന്താ ഇവിടെയെന്നു പൊലീസ് ഇത്തിരി കടുപ്പത്തിൽ ചോദിച്ചു. സാറെ, കേക്ക് കൊടുത്തുതീർന്നോ എന്നു കൂസലില്ലാതെ മെയ്ജോയുടെ മറുചോദ്യം.

 

കേക്കും സമൂസയും വെള്ളവും അടങ്ങിയ കിറ്റാണു പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരുന്നത്. മെയ്ജോയുടെ ചോദ്യം കേട്ടതും പൊലീസുകാർ ഗൗരവം വിട്ട് പുഞ്ചിരിച്ചു. പ്രതീക്ഷിച്ചതിലേറെ ആളുകൾ പങ്കെടുത്തതിനാലും പൊലീസുകാർ ഉൾപ്പെടെയുള്ളവർ പങ്കിട്ടെടുത്തതിനാലും പലഹാര കിറ്റ് വേഗത്തിൽ തീർന്നിരുന്നു. ഇതൊന്നും അറിയാതെയായിരുന്നു മെയ്ജോയുടെ ചോദ്യം.

 

എല്ലാവർക്കും നൽകിയ മധുരക്കിറ്റ് എനിക്ക് കിട്ടിയില്ലെന്നു മെയ്ജോ പൊലീസുകാരോടു പരാതി പറഞ്ഞു. കിറ്റുകൾ തീർന്നുപോയെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും പിൻവാങ്ങാൻ മെയ്ജോ തയാറായില്ല. കർശന സുരക്ഷയൊന്നും കണക്കിലെടുക്കാതെ മുന്നോട്ടു നീങ്ങിയ പയ്യൻ, സംഘാടകരോടും കേക്കുണ്ടോ എന്നന്വേഷിച്ചു. ഒരു പൊതി പോലുമില്ലെന്ന സത്യം സംഘാടകരും പറഞ്ഞതോടെ മെയ്ജോയ്ക്കു നിരാശയായി. ഇനി കേക്ക് കഴിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്നു സ്വയംപറഞ്ഞ് മെയ്ജോ പുറത്തേക്കും പോയി.