നിർമാണം ആരംഭിച്ച് നാലു വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ കിടക്കുകയാണ് പത്തനംതിട്ട കോഴഞ്ചേരി പുതിയ പാലം. നിലവിലെ വീതി കുറഞ്ഞ പാലം ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് നാട്ടുകാരെ വലയ്ക്കുകയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടലിനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 25 കോടി രൂപ നിശ്ചയിച്ചാണ് കോഴഞ്ചേരി പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. പക്ഷേ നാൽപത് ശതമാനം പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. പി.ജി കൺസ്ട്രക്ഷൻസിനായിരുന്നു കരാർ. നിലവിൽ പണി നിലച്ച പാലത്തിൻ്റെ സമീപന പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കാത്തതാണ് നിർമാണം വൈകുന്നതിന്റെ പ്രധാനകാരണമായി അധികൃതർ പറയുന്നത്. നിർമാണ സാമഗ്രികൾക്ക്  വില വർധിച്ചതിനാൽ കരാർ തുക വർധിപ്പിക്കേണ്ടി വരുമെന്നതും മറ്റൊരു വെല്ലുവിളിയാണ്. 

തോട്ടപ്പുഴശേരി വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയും കോഴഞ്ചേരി വില്ലേജിൽ ചന്തയും പോസ്റ്റ് ഓഫിസും ഉൾപ്പെടുന്ന സർക്കാർ വക ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കോൺഗ്രസ് ആറിനു കുറുകെ മനുഷ്യപ്പാലം തീർത്ത് പ്രതിഷേധിച്ചിരുന്നു.