കോഴിക്കോട് ശുചിമുറിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നു. ആവിക്കല്‍ തോട്ടിലെ 22 പേര്‍ക്കെതിരെയും കോതിയില്‍ 27 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. പ്ലാന്റിനെതിരായ ജനകീയ സമരം അടിച്ചമര്‍ത്താനുള്ള കോര്‍പറേഷന്റേയും പൊലീസിന്റേയും നീക്കമാണിതെന്നാണ് നാട്ടുകാരുടെ ആരോപണം.
നാട്ടുകാരുടെ അതിശക്തമായ പ്രതിഷേധമാണ് ആവിക്കല്‍ തോട്ടിലും കോതിയിലും ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് രണ്ടിടത്തേയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സമരം ചെയ്തവര്‍ക്കെതിരെ ചെമ്മങ്ങാട് പൊലീസ് ഗുരുതര കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഒരിക്കല്‍ പോലും പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ലാത്തവരെപ്പോലും സ്ഥിരം പ്രശ്നക്കാരായി ചിത്രീകരിച്ചാണ് കേസെടുത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അന്‍പതിനായിരം രൂപയുടെ ഉറപ്പിലാണ് ജാമ്യം അനുവദിച്ചതെന്നും സമരക്കാര്‍ പറയുന്നു. ഇനിയും സമരത്തിനിറങ്ങിയാല്‍ ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണി. എത്ര കേസെടുത്താലും മാലിന്യപ്ലാന്റിനെതിരായ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.