പാമോലിന്‍ കേസില്‍ തന്നെ പ്രതിയാക്കാത്തത് കേസ് നിലനില്‍ക്കില്ലെന്നു അന്നത്തെ സര്‍ക്കാരിനു നിയമോപദേശം കിട്ടിയതുകൊണ്ടാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസഥരെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി വേട്ടയാടുകയായിരുന്നു. ജിജി തോംസണിന്‍റെ ‘നത്തിങ് പേഴ്സണല്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ആരും കുറ്റക്കാരല്ലെന്നും, ഉദ്യോഗസ്ഥനെന്ന രീതിയിലുള്ള ഉത്തരവാദിത്തമാണ് ജിജി തോംസണിന്‍റെ ഭാഗത്തു നിന്നെന്നും ഉമ്മന്‍ചാണ്ടി. തന്നെയും പ്രതിയാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി , ധനമന്ത്രിയായിരുന്ന താന്‍ കൂടി പ്രതിയായാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം കിട്ടിയതുകൊണ്ടാണ് അന്നത്തെ സര്‍ക്കാര്‍ ഉപേക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക കാലയളവിലെ നുറുങ്ങുകളാണ് നത്തിങ് പേഴ്സണല്‍ എന്ന പുസ്തകത്തിലൂടെ പറയുന്നത്. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും സര്‍ക്കാരിനു അനഭിമതനായ ഉദ്യോഗസ്ഥനാണ് താനെന്നും, ഔദ്യോഗികകാലത്തെ തുറന്നെഴുത്ത് പിന്നീടുണ്ടാകുമെന്നും ജിജി തോംസണ്‍ പറഞ്ഞു.