kadakkal-hospital

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രി വികസനം അനിശ്ചിതത്വത്തിൽ. കെട്ടിട നിർമാണത്തിന് ഉൾപ്പെടെ സർക്കാർ പണം അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. കിഴക്കൻമേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമായതിനാൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. 

 

കടയ്ക്കൽ താലൂക്ക് ആശുപത്രി ഉൾപ്പടെ സംസ്ഥാനത്തെ ഇരുപത്തിയെട്ട് താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് പത്തു കോടി രൂപ നബാഡിന്റെ സഹായത്താൽ സർക്കാർ അനുവദിച്ചെങ്കിലും കടയ്ക്കൽ ആശുപത്രിയിൽ ഉപയോഗപ്പെടുത്തിയില്ല. ആശുപത്രി നവീകരണത്തിന് സ്ഥലം കണ്ടെത്താൻ കഴിഴാത്തതാണ് പ്രതിസന്ധി. 

 

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല. നിലവിൽ ആശുപത്രിയോട് ചേർന്ന് പഞ്ചായത്തിന്റെ കൈവശം ഒരേക്കർ സ്ഥലമുണ്ട്. കൂടാതെ ആശുപത്രിയോട് ചേർന്നുള്ള ഒരു സ്വകാര്യവ്യക്തിയുടെ പതിനെട്ടു സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങാനുള്ള ശ്രമം നടന്നിരുന്നു . എന്നാൽ കലക്ടർ അടങ്ങുന്ന സമിതി യോഗം ചേർന്നെങ്കിലും സ്വകാര്യവ്യക്തി ചോദിച്ചത് അമിത വില ആയതിനാൽ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചു. അതേസമയം  പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കർ സ്ഥലം ഏറ്റെടുത്ത് വികസന പ്രവർത്തനം നടത്തണമെന്നാണ് സിപിഐയുടെ നിലപാട്. നിലവിൽ കടയ്ക്കൽ ആശുപത്രിയിൽ രണ്ട് ആംബുലൻസുകൾ ഒരുമിച്ചു വന്നാൽ തിരിഞ്ഞു പോകാൻ കഴിയാത്ത അവസ്ഥയാണ്.  സ്ഥലപരിമിതിക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.