മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഹൃദയപൂര്‍വം പദ്ധതിയിലെ പതിനൊന്നാം ഘട്ട ക്യാംപ് കോഴിക്കോട് നടന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്ന് നൂറുകണക്കിനുപേര്‍ പരിശോധനയ്ക്കായി എത്തി.
കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൃദ്രോഗികള്‍ക്കായുള്ള ഹൃദയപൂര്‍വം ക്യാംപിന് വീണ്ടും തുടക്കം. പാലിയേറ്റിവ് കെയര്‍ ലോകാരോഗ്യ സംഘടന സഹകരണകേന്ദ്രം ഡയറക്ടര്‍ ഡോ . കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുതര ഹൃദ്രോഗങ്ങള്‍ ബാധിച്ച കുട്ടികളാണ് ക്യാംപിന് എത്തിയവരിലേറെയും.
അത്യാധുനിക സൗകര്യമുള്ള മദ്രാസ് മെഡിക്കല്‍ മിഷന്‍റെ മൊബൈല്‍ ക്ലിനിക്കിലാണ് ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ളവയ്ക്ക് സൗകര്യം ഒരുക്കിയത്. രണ്ടര പതിറ്റാണ്ട് മുമ്പാണ് ഹൃദയപൂര്‍വ്വം പദ്ധതിക്കായി മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും കൈകോര്‍ത്തത്. ഹൃദയപൂര്‍വം പദ്ധതി പ്രകാരം ഇതുവരെ രണ്ടായിരത്തോളം പേര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.