തേനി- മധുര റെയില്‍ പാതയിൽ വീണ്ടും ചൂളം വിളിച്ച് ട്രെയിന്‍ ഓടി തുടങ്ങി. 12 വർഷത്തിനു ശേഷമാണ് ഇതുവഴി തീവണ്ടി സർവീസ് നടത്തുന്നത്. ഇടുക്കിയില വിനോദ സഞ്ചാരത്തിനും കാർഷിക മേഖലയ്ക്കും പ്രതീക്ഷ നൽകുന്ന പാതയാണിത്. ട്രെയിൻ സർവീസ് ‌പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 

പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലുള്ളവർക്ക് പുതു പ്രതീക്ഷയാണ് ചൂളം വിളിച്ചെത്തുന്ന ട്രെയിന്‍. കുമളി അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രമെ ഇങ്ങോട്ടേക്കുള്ളു. മുന്‍പ് 110 കിലോമീറ്റര്‍ അകലെ കോട്ടയം റയില്‍വേ സ്റ്റെഷനെ ആശ്രയിച്ചിരുന്ന കുമളിക്കാര്‍ക്ക് യാത്ര ഏറെ എളുപ്പം. തേനിയിൽ നിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീയാകുന്നതാടെ മൂന്നാറിലേക്കുള്ള യാത്രയും എളുപ്പമാകും. ഒപ്പം ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെ ചരക്കു നീക്കവും സുഗമമാകും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരമില തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും പ്രയോജനകരമാണ് ഈ പാത. 

1928 ൽ ബ്രിട്ടിഷുകാർ നിർമിച്ച മീറ്റർ ഗേജ് പാത ബ്രോഡ്ഗേജ് ആക്കാൻ 2010 ഡിസംബർ 31 നാണ് ട്രെയിൻ സർവീസ് നിർത്തിയത്. 450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽ നിന്ന് തേനി വരെയുള്ള പണികൾ പൂർത്തിയാക്കിയത്. രാവിലെ 8.30 നാണ് മധുരയിൽ നിന്നും പന്ത്രണ്ട് ബോഗികളിൽ യാത്രക്കാരെയുമായി ട്രെയിൻ ഓടിത്തുടങ്ങിയത്. പത്തുമണിയോടെ തേനി സ്റ്റേഷനിലെത്തി. കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ റെയില്‍പാത നീട്ടണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.