കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്‍റെ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ അനിശ്ചിതമായി നീളുമ്പോള്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ യാത്രക്കാരും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കഴിഞ്ഞ ദിവസം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തെടുത്തത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതാണ് അറ്റകുറ്റപണികള്‍ വൈകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെ ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിയ സ്വിഫ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ബസ് പുറത്തെടുക്കാനായത്. സ്വിഫ്റ്റ് ഉള്‍പ്പടെയുള്ള വലിയ ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ടെര്‍മിനലിനുള്ളില്‍ കുറവാണ്. ബസ് സ്റ്റാന്റിന്‍റെ നിര്‍മ്മാണത്തില്‍ തന്നെ അപാകതയുണ്ടെന്ന കാര്യം ജീവനക്കാരുടെ സംഘടകള്‍ തുടക്കത്തില്‍ തന്നെ ഉന്നയിച്ചിരുന്നു.
ടെര്‍മിനലിന്റ ബലക്ഷയം പഠിച്ച ചെന്നൈ ഐഐടി ബസ് സ്റ്റാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി എത്രയും വേഗം കെട്ടിടം അറ്റകുറ്റപ്പണി നടത്തണമന്ന് ഏഴുമാസം മുമ്പ് ആവശ്യപ്പെട്ടതാണ്. എന്നാൽ ഐഐടി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും മുഖവിലക്കെടുക്കാത സര്‍ക്കാര്‍ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. തൂണുകള്‍ ബലപ്പെടുത്തിയാല്‍ മാത്രം മതിെയന്നായിരുന്നു സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടേ എന്തെങ്കിലും ചെയ്യുവെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടിസിയും ടെര്‍മിനലിന്റ നിര്‍മാണ ചുമതലയുള്ള കെ.ടി.ഡി.എഫ്.സിയും.