വോട്ടെടുപ്പ് അടുത്തതോടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലും, പ്രചാരണത്തിലുമാണ് സ്ഥാനാര്‍ഥികള്‍. വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിന് തന്നെയാണ് സ്ഥാനാര്‍ഥികള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വിവാദങ്ങള്‍ ഏറെ നിറയുന്ന സാഹചര്യത്തില്‍ ഇടയ്ക്കെങ്കിലും ഇവയ്ക്ക് മറുപടി പറയേണ്ട സാഹചര്യവും സ്ഥാനാര്‍ഥികള്‍ക്കുണ്ട്. 

 

അവസാന വട്ട പ്രചാരണത്തിലാണ് യു.ഡി.എഫ്. നേതാക്കള്‍ക്കൊപ്പം ഭവന സന്ദര്‍ശനവും, വാഹന ജാഥയുമൊക്കെയായി ഉമാതോമസ് കളം നിറയുന്നു. അതിനിടെ ഇടതുസ്ഥാനാര്‍ഥിക്കെതിരായ വ്യാജ വീഡിയോ ആരോപണങ്ങളെ സ്ഥാനാര്‍ഥി വിമര്‍ശിച്ചു.

 

ഭവന സന്ദര്‍ശനത്തിനൊപ്പം ചില പ്രമുഖ വ്യക്തികളെ ഇടതു സ്ഥാനാര്‍ഥി നേരിട്ടുകാണുകയും ചെയ്തു. ഹൃദയപൂര്‍വം ജോ എന്ന അവയവദാന, രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.  അതെസമയം ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസന്‍, പട്ടാമ്പി സ്വദേശി ഷൂക്കൂര്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേരെയെങ്കിലും അറസ്റ്റുചെയ്തതില്‍ ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കല്‍ തൃപ്തി പ്രകടിപ്പിച്ചു.